ഓപ്പറേഷൻ സിന്ദൂരിന് മറുപടിയായി 15 ഇന്ത്യൻ നഗരങ്ങൾ ആക്രമിക്കാനുള്ള പാക്കിസ്ഥാൻ്റെ പാക് ഡ്രോൺ-മിസൈൽ ആക്രമണം ഇന്ത്യൻ സേന പരാജയപ്പെടുത്തി . ഇന്ന് പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകൾ ഇന്ത്യൻ സായുധ സേന ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തന്നെ നശിപ്പിച്ചിരിക്കുകയാണ്.
ചൈന വികസിപ്പിച്ചെടുത്ത എച്ച്ക്യു -9 മിസൈൽ പ്രതിരോധ സംവിധാന യൂണിറ്റുകളാണ് ആക്രമിക്കപ്പെട്ടത്. ഇത് പാകിസ്ഥാൻ സൈന്യത്തെ ലാഹോറിൽ പ്രതിരോധരഹിതരാക്കി എന്ന് വൃത്തങ്ങൾ അറിയിച്ചു.ലാഹോറിന് സമീപം ഒരു ഡ്രോൺ തകർന്നുവീണതായും ഗുജ്രൻവാല, ചക്വാൾ, ബഹവൽപൂർ, മിയാനോ, കറാച്ചി, ചോർ, റാവൽപിണ്ടി, അറ്റോക്ക് എന്നിവയ്ക്ക് സമീപം മറ്റ് 12 ഡ്രോൺ വെടിവച്ചതായും പാകിസ്ഥാൻ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സർക്കാരിന്റെ പ്രസ്താവന വന്നത്. ലാഹോറിൽ നാല് സൈനികർക്ക് പരിക്കേറ്റതായും സിന്ധിലെ മിയാനോട്ടയിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടതായും പാകിസ്ഥാൻ അവകാശപ്പെട്ടു.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ‘സിന്ദൂർ’ എന്ന പേരിൽ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം .
കഴിഞ്ഞ രാത്രിയിൽ അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവിടങ്ങളിലെ നിരവധി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ശ്രമിച്ചതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
എന്നിരുന്നാലും, ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും റഷ്യ നിർമ്മിത എസ്-400 ‘സുദർശൻ ചക്ര’ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഡ്രോണുകളും മിസൈലുകളും നിർവീര്യമാക്കി.എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് 600 കിലോമീറ്റർ അകലെയുള്ള വ്യോമ ഭീഷണികൾ ട്രാക്ക് ചെയ്യാനും യുദ്ധവിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ തടയാനും കഴിയും, ഇത് ഇന്ത്യയുടെ സുരക്ഷാ ആയുധപ്പുരയിലെ ഒരു സുപ്രധാന ഘടകമാക്കി മാറ്റുന്നു.
ലാഹോറിൽ, വാൾട്ടൺ വിമാനത്താവളത്തിന് സമീപം വൻ സ്ഫോടന ശബ്ദം കേട്ടതോടെ സൈറണുകൾ മുഴങ്ങി, ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയെന്ന് റോയിട്ടേഴ്‌സും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.ലാഹോറിലെ ആഡംബരപൂർണ്ണമായ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിനോടും ലാഹോർ ആർമി കന്റോൺമെന്റിനോടും ചേർന്നാണ് ഈ പ്രദേശം. സിയാൽകോട്ട്, കറാച്ചി, ലാഹോർ വിമാനത്താവളങ്ങളിലെ വിമാന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
5-6 അടി നീളമുള്ള ഒരു ഡ്രോൺ പൊട്ടിത്തെറിച്ചതാകാമെന്ന് പോലീസ് വൃത്തങ്ങൾ സമാ ടിവിയോട് പറഞ്ഞു. സിസ്റ്റം ജാം ചെയ്താണ് ഡ്രോൺ വെടിവച്ചിട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു.ഇതുവരെ ആളപായമോ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.