ഇൻഷുറൻസ് പോളിസികൾ ഈടായി നൽകി വായ്പ നേടാൻ സാധിക്കും. സറണ്ടർ വാല്യുവിന്റെ 85 മുതൽ 90 ശതമാനം വരെ ഇത്തരത്തിൽ ലോൺ ലഭിക്കും. എങ്ങനെയെന്നല്ലെ ,
എല്ലാ ഇൻഷുറൻസ് സേവിങ്സ് പ്രൊഡക്ടുകളിലും ഒരു പോളിസി ലോൺ ഫീച്ചർ നടപ്പാക്കാൻ റെഗുലേറ്ററായ ഇൻഷുറൻസ് റെഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ഉത്തരവിട്ടിരിക്കുകയാണ്. ഇതോടെ തങ്ങളുടെ ഇൻഷുറൻസ് പോളിസി ഈടായി നൽകി ലോൺ നേടാൻ പോളിസി ഉടമകൾക്ക് സാധിക്കും. സറണ്ടർ വാല്യു ഉള്ള, യോഗ്യമായ പോളിസികൾക്ക് വാല്യുവിന്റെ 85-90% വായ്പ ഇത്തരത്തിൽ ലഭിക്കും. താരതമ്യേന കുറഞ്ഞ പലിശ നിരക്കുകൾ, ഫ്ലെക്സിബിളായ തിരിച്ചടവ് സൗകര്യം തുടങ്ങിയവ പ്രായോഗികമായും, സാമ്പത്തികമായും ഇത്തരം വായ്പകൾ നൽകുന്ന നേട്ടങ്ങളാണ്.
ഐ.ആർ.ഡി.എ.ഐ സർക്കുലർ പ്രകാരം, പോളിസി ഉടമകൾക്ക് പെൻഷൻ പ്രൊഡക്ട് എന്ന വിഭാഗത്തിൻ കീഴിൽ ഭാഗികമായ പിൻവലിക്കലുകൾ സാധ്യമാണ്. ഉന്നത വിദ്യാഭ്യാസം, വിവാഹം, റിസഡൻഷ്യൽ ഫ്ലാറ്റുകളുടെ നിർമാണം/പർച്ചേസ്, മെഡിക്കൽ ട്രീറ്റ്മെന്റ് തുടങ്ങിയ ജീവിതത്തിലെ ആവശ്യങ്ങൾക്കായി ഇത്തരത്തിൽ പണം പിൻവലിക്കാൻ സാധിക്കും.
ഇത്തരത്തിൽ പോളിസി ഉടമകൾക്ക് തങ്ങളുടെ ഇൻഷുറൻസ് പോളിസി ഈടായി പണയപ്പെടുത്തിയാണ് വായ്പ നേടാൻ സാധിക്കുന്നത്. മണി ബാക്ക്, എൻഡോവ്മെന്റ് പ്ലാനുകൾ (സേവിങ്സ്, ലൈഫ് കവർ) എന്നിവയ്ക്ക് മാത്രമാണ് ഇത്തരത്തിൽ വായ്പ നേടാൻ സാധിക്കുക. യുലിപ്പ്, ടേം ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവ ഇത്തരത്തിൽ ഈടായി നൽകി ലോൺ എടുക്കുക സാധ്യമല്ല.
ഒരു പോളിസിക്ക് വായ്പ ലഭിക്കണമെങ്കിൽ അതിന് സറണ്ടർ വാല്യു ഉണ്ടാായിരിക്കണം. പൊതുവെ സറണ്ടർ വാല്യുവിന്റെ 85-90% എന്ന തോതിലാണ് വായ്പ അനുവദിക്കപ്പെടാറുള്ളത്. ഈട് നൽകിയുള്ള സെക്വേർഡ് വായ്പകൾ, പേഴ്സണൽ ലോണുകൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻഷുറൻസ് പോളിസി വായ്പകളുടെ പലിശ നിരക്കുകൾ താഴ്ന്നു നിൽക്കുന്നു. ഇക്കാരണത്താൽ വായ്പാ കാലാവധിയിലുടനീളം പോളിസി ഉടമകൾക്ക് പലിശ ലാഭിക്കുന്നതിലൂടെ നേട്ടം ലഭിക്കും.
സെറ്റിൽമെന്റ് സമയത്ത് ഇൻഷുറൻസ് ക്ലെയിമിൽ നിന്ന് വായ്പാ തുക ഡിഡക്ട് ചെയ്യാൻ സാധിക്കുമെന്നത് മറ്റൊരു നേട്ടമാണ്. ഇൻഷുറൻസ് പോളിസി ഈടായി നൽകി വായ്പ നേടുന്നതിനായി ഇൻഷുറൻസ് കമ്പനിയെയോ, ബാങ്കുകൾ, എൻ.ബി.എഫ്.സികൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കാവുന്നതാണ്.