News

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി ; നടന്‍ വിനായകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊല്ലം: കൊല്ലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിന് നടന്‍ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം അഞ്ചലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിലും ബഹളം തുടര്‍ന്ന വിനായകനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.

ഇതിന് മുന്‍പും വിനായകനെതിരെ നിരവധി കേസകളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിന് വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതെ തുടര്‍ന്ന് വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

2023ല്‍ മദ്യപിച്ച് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനും നടനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. മദ്യപിച്ചെത്തിയ വിനായകന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തി. സ്‌റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് നടനെതിരെ കേസ് എടുത്തിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു നടനെതിരെ പൊലീസ് ചുമത്തിയത്.