News

അല്ലു അർജുനും ആര്യയും പ്രേക്ഷകഹൃദയങ്ങളിൽ കയറികൂടിയിട്ടിന്ന് 21 വര്‍ഷം

അല്ലു അർജുന്‍ എന്ന നടനെ ‘ഐക്കൺ സ്റ്റാർ’ ആക്കി മാറ്റിയ ചിത്രമാണ് ‘ആര്യ’. 2004-ൽ സുകുമാർ സംവിധാനം ചെയ്ത പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആര്യ എന്ന ഒറ്റചിത്രത്തിലൂടെ അല്ലുഅർജുൻ മലയാളികളുടെ സ്വന്തം മല്ലുഅർജുനായി മാറി. അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ആര്യ റിലീസായിട്ട് ഇന്നേക്ക് 21 വർഷം തികയുകയാണ്.

തെലുങ്ക് നടനാണെങ്കിലും അല്ലു അർജുന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്‍റേത്. യുവാക്കൾക്കിടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകർക്കും അല്ലു അർജുനെ ഒരുപാടിഷ്ടമാണ്.

ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു നിർമിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. നാല് കോടി രൂപ ബഡ്ജറ്റിൽ നിർമിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്സ് ഓഫീസിൽ നേടുകയുണ്ടായി. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. അതിന്‍റെ തുടർച്ചയായെത്തിയ ‘ആര്യ 2’ വും വലിയ വിജയമായിരുന്നു.

തെലുങ്ക് സിനിമകളുടെ മലയാളം മാർക്കറ്റ് ഉണർന്നത് ‘ആര്യ’യിലൂടെയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് അല്ലു അർജുൻ ആരാധക വൃന്ദം വളർന്നത് ‘ആര്യ’ക്ക് ശേഷമായിരുന്നു. ഏറ്റവും ഒടുവിൽ ‘പുഷ്പ ‘യിലും ‘പുഷ്പ 2’വിലും വരെ എത്തിയിരിക്കുകാണ് സുകുമാർ – അല്ലു കോംമ്പോയുടെ തേരോട്ടം.