News

പാലക്കാട് കളക്ടറേറ്റിൽ വിജിലൻസ് പരിശോധന; കൈക്കൂലി വാങ്ങുന്നതിനിടെ 3 പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ

പാലക്കാട്: പാലക്കാട് കളക്ടറേറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ. ഡിവിഷണൽ അക്കൗണ്ടന്‍റ് ഓഫീസർ സാലുദ്ദീൻ ജെ, ജൂനിയർ സൂപ്രണ്ട് സി രമണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ ശശീദരൻ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഉദ്യോഗസ്ഥരിൽ നിന്നും 2000 രൂപ വീതം വിജിലൻസ് സംഘം കണ്ടെത്തി.

പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി പണം പിടികൂടിയത്. കൈക്കൂലി ആവശ്യപ്പെട്ടതോടെ പാലക്കാട് സ്വദേശിയായ കരാറുകാരൻ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നൽകിയ ഫിനോഫ്തലൈൻ പുരട്ടിയ പണം വാങ്ങുന്നതിനിടയാണ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിലായത്. പിടിയിലായ ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലൻസ് പരിശോധന നടന്നു.

ബില്ല് മാറുന്നതിനായി മൂവരും കരാറുകാരിൽ നിന്നും രണ്ടായിരം രൂപ വീതം കൈക്കൂലി വാങ്ങുകയായിരുന്നു. പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂവരും പതിവായി കൈമടക്ക് വാങ്ങിയിരുന്നതായി വിജിലൻസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു മൂവരെയും വിജിലൻസ് കരാറുകാരെ ഉപയോഗിച്ച് കുടുക്കിയത്.