കോട്ടയം: കോട്ടയം മാങ്ങാനം സന്തോഷ് കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജെ.നാസറാണ് ശിക്ഷ വിധിച്ചത്. മുട്ടമ്പലം സ്വദേശി വിനോദ് കുമാര്‍ എന്ന കമ്മല്‍ വിനോദ്, ഭാര്യ കുഞ്ഞുമോള്‍ എന്നിവരാണ് പ്രതികള്‍. കേസില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്.
2017 ഓഗസ്റ്റ് 23 നായിരുന്നു പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷിനെ(34) പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സന്തോഷിനെ കൊന്ന് കഷണങ്ങളാക്കി ചാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. വിനോദ് കുമാറിന്റെ ഭാര്യയുമായി സന്തോഷിന് ബന്ധമുണ്ടായിരുന്നുവെന്നും ഇതില്‍ വിനോദിനുളള പകയാണ് കൊലപാതകത്തിന് പിന്നില്ലെന്നും പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
കുഞ്ഞുമോളുടെ ഫോണില്‍നിന്നു വിളിച്ചതനുസരിച്ചു വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു വിനോദും കുഞ്ഞുമോളും ചേര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. 2017 ഓഗസ്റ്റ് 27-നാണ് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തു നിന്നും കണ്ടെത്തിയത്. പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28-ാം തീയതിയാണ് തല സമീപത്തെ തുരുത്തേല്‍ പാലത്തിന് സമീപത്തു നിന്നും കണ്ടെത്തിയത്.