രാജ്യത്തിന്റെ പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ സൈനിക നീക്കങ്ങള്‍ ഇന്ത്യന്‍ സേന ചെറുത്തുതോല്‍പ്പിച്ചു. ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള 15 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പാക് മിസൈല്‍ – ഡ്രോണ്‍ ആക്രമണശ്രമം നടത്തിയത്. പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പാക് സൈനിക ആക്രമണശ്രമം. പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ന് രാവിലെയാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സൈന്യം വീണ്ടും തിരിച്ചടിച്ചത്. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജമ്മു കശ്മീരിലെ കുപ് വാര,ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാര്‍, രജൗരി മേഖലകളില്‍ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനമില്ലാതെ പാക് സൈന്യം പീരങ്കികളും മറ്റും ഉപയോഗിച്ച് വെടിവയ്പ് തുടര്‍ന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാക് വെടിവയ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ പതിനാറ് പേര്‍ മരിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.