News

നിപ; 7പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്, മാസ്ക് ധരിക്കാൻ നിർദ്ദേശം

മലപ്പുറം: നിപയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന നിർദ്ദേശവുമായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. 42കാരിയായ വളാഞ്ചേരി സ്വദേശിനിക്കാണ് നിപ ബാധയെന്നും ഇന്നലെ നിപ സംശയിച്ചതോടെ നിപ ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

മോനോക്ലോണ ആന്റിബോഡി രോഗിക്ക് നൽകാൻ തീരുമാനിച്ചു. വളാഞ്ചേരി നഗരസഭ രണ്ടാം വാർഡിൽ 3 കിലോമീറ്റർ ചുറ്റളവിൽ കോൺടൈൻമെന്റ് സോൺ ആയി പ്രഖ്യാപിക്കും. ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഹൈ റിസ്ക് ആയ 7 പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. എന്നാൽ ആദ്യഘട്ട പരിശോധനയിൽ എല്ലാവരും നെഗറ്റീവ് ആണ്. പ്രദേശത്തെ ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗി വീട്ടിൽ നിന്ന് അധികം പുറത്തോട്ട് പോയിട്ടില്ല . വളാഞ്ചേരി നഗരസഭയിൽ ഫീവർ സർവലൈൻസ് നടത്തും. രോഗ പ്രതിരോധത്തിനായി 25 കമ്മിറ്റികൾ രൂപീകരിച്ചു. രോഗ പകർച്ച ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു. എന്റെ കേരളം മേളയിൽ എത്തുന്നവർ മാസ്കും സാമൂഹിക അകലവും പാലിക്കണമെന്നും വീണ ജോർജ് പറഞ്ഞു.