Entertainment

ആനയും മനുഷ്യനും മുഖാമുഖം: ആനക്കൊമ്പ് കൈയ്യിലേറി പെപ്പെ; സോഷ്യല്‍ മീഡയാകെ കത്തിപ്പടര്‍ന്ന് ‘കാട്ടാളന്‍’ ന്റെ പുതിയ പോസ്റ്റര്‍..!!

മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളന്‍’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതീക്ഷകളും ഉണര്‍ത്തുന്നതാണ്.

പോസ്റ്ററില്‍ മഴുവുമേന്തി മുഖം വ്യക്തമാക്കാത്ത പുറം തിരിഞ്ഞ രൂപത്തില്‍ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പ്രധാന ആകര്‍ഷണം. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയില്‍ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു വലിയ സ്‌കെയില്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലെര്‍ മാസ്സ് ചിത്രമായിരിക്കാം ഇതെന്ന് ഈ പോസ്റ്ററിലൂടെ വ്യക്തമാണ്.

ഒരു മനുഷ്യനും ആനയും തമ്മില്‍ ഇങ്ങനെ ദൃശ്യവിസ്മയത്തോടെ രൂപംകൊള്ളുന്ന പോരാട്ടം മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യമായി തന്നെയായിരിക്കും എന്നതില്‍ സംശയമില്ല. നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ഈ സിനിമയുടെ വലിപ്പവും ഈ പ്രോജക്റ്റിന് പിന്നിലെ ക്രിയേറ്റീവ് വ്യാപ്തിയും എത്രത്തോളമാണെന്ന് പ്രേക്ഷകര്‍ക്ക് ഒരു സൂചനയായി നല്‍കിയതാവാം ഈ പോസ്റ്ററെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നു. ഇത്രയും ഭീകരമായ മനുഷ്യനും ആനയും തമ്മിലെ പോരാട്ടത്തെ , ഇപ്പോള്‍ ഇങ്ങനൊരു പോസ്റ്റര്‍ രൂപത്തില്‍ പുറത്തിറക്കിയതിനാല്‍ കാട്ടാളനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം കുതിച്ചുയരുന്ന കാഴ്ചയാണ് നാം കാണുന്നത്. കൂടാതെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.

പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ ‘ആന്റണി വര്‍ഗ്ഗീസ്’ എന്ന പേരില്‍ തന്നെയാണ് ഈ ചിത്രത്തില്‍ എത്തുന്നതെന്ന പ്രത്യേകത കൂടി പുതിയ പോസ്റ്റര്‍ പങ്ക് വയ്ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം ‘കാട്ടാളന്‍’ പ്രീപൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു എന്നാല്‍ മറ്റൊന്നും വ്യക്തമാക്കാതെ വന്ന ആ സ്‌റ്റോറിക്ക് പിറകെ ഇങ്ങനൊരു പോസ്റ്റര്‍ വന്നപ്പോഴാണ് പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുന്നത്. വര്‍ത്തമാന കാലത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ഈ പോസ്റ്ററില്‍ നിന്നും വ്യക്തമാണ്. ആയതിനാല്‍ ഏതെങ്കിലും ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയോ കഴിഞ്ഞ കാലത്തിന്റെ മങ്ങിയ കഥയോ അല്ല കാട്ടാളനിലൂടെ പ്രേക്ഷകരിലേക്ക് എത്തുവാന്‍ പോകുന്നതെന്ന് നമുക്ക് ഉറപ്പിക്കാം

ആദ്യ നിര്‍മ്മാണ സംരംഭമായ ‘മാര്‍ക്കോ’ തന്നെ ഇന്ത്യന്‍ സിനിമ പ്രേക്ഷകരില്‍ ഉണ്ടാക്കിയ തരംഗം മാത്രം മതി ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ഷരീഫ് മുഹമ്മദ് എന്ന നിര്‍മ്മാതാവും എത്രത്തോളം സ്വന്തം സിനിമക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയും അതിനായി മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റി ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് തിരിച്ചറിയാന്‍. അതിനാല്‍ തന്നെ മാര്‍ക്കോയുടെ മുകളില്‍ നില്‍ക്കുന്ന തരത്തില്‍ തന്നെയാണ് കാട്ടാളന്‍ ഇപ്പോള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന എന്തായാലും ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കാന്‍ സാധ്യതയുള്ള ചിത്രങ്ങളില്‍ ഈ വര്‍ഷം മുന്‍പന്തിയില്‍ തന്നെയാവും ഈ ചിത്രവും..! മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്. പി ആര്‍ ഒ: ആതിര ദില്‍ജിത്ത്‌