ആന്‍റി ഓക്‌സിഡന്‍റുകളുടെ മികച്ച ഉറവിടമായ അത്തിപ്പഴത്തിൽ ഡയറ്ററി ഫൈബർ, മാംഗനീസ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്ത ഗ്ലുക്കോസ്, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ കെ, കോപ്പർ തുടങ്ങിയ പോഷകങ്ങളും ഇതിലുണ്ട്. സാധാരണ ഉണങ്ങിയ അത്തിപ്പഴമാണ് കൂടുതൽ പേരും തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഫ്രഷ് അത്തിപ്പഴവും കഴിക്കാം.ദഹനത്തെ പ്രോത്സാഹിപ്പിക്കും
അത്തിപ്പഴത്തിൽ ലയിക്കുന്ന നാരുകളും പ്രീബയോട്ടിക്‌സും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ ആരോഗ്യകരമായ ബാക്‌ടീരിയകളെ പിന്തുണയ്ക്കുകയും കുടലിന്‍റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദിവസേന ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് വയറുവേദന, വയറു വീർക്കൽ, മലബന്ധം പോലുള്ള അവസ്ഥകൾ ലഘൂകരിക്കാൻ സഹായിക്കുമെന്ന് 2019 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അബ്‌സിസിക് ആസിഡ് (ABA), ഫിക്കുസിൻ എന്നീ സംയുക്തങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താനുള്ള കഴിവും ഇതിനുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികൾ അത്തിപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു.
പതിവായി അത്തിപ്പഴം കഴിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, സിങ്ക് എന്നിവ ചർമ്മത്തിലെ ചുളിവുകൾ തടയാനും വാർധക്യ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും സഹായിക്കും. മാത്രമല്ല മുഖക്കുരു, പാടുകൾ എന്നിവ അകറ്റാനും ചർമ്മത്തിന്‍റെ യുവത്വം നിലനിർത്താനും ഇത് ഗുണം ചെയ്യും. സൂര്യ രശ്‌മികൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനുള്ള കഴിവും അത്തിപ്പഴത്തിലുണ്ട്.
അത്തിപ്പഴത്തിൽ കുറഞ്ഞ അളവിൽ മാത്രമേ കലോറി അടങ്ങിയിട്ടുള്ളൂ. എന്നാൽ നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് പൂർണത വർധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഗുണകരമാണ്. പതിവായി അത്തിപ്പഴം കഴിക്കുന്നത് കൂടുതൽ നേരം വയറ് നിറഞ്ഞതായുള്ള തോന്നൽ ഉണ്ടാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും.
വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ഉൾപ്പെടെതയുള്ള അവശ്യ പോഷകങ്ങൾ അത്തിപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ദിവസേന അത്തിപ്പഴം കഴിക്കുന്നത് രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.
അത്തിപ്പഴത്തിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കും. കൂടാതെ ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.