ശ്രീനഗർ: ജമ്മുവിൽ പുലർച്ചെ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ നടത്തിയ ആക്രമണനീക്കത്തിനാണ് ഇന്ത്യ കനത്ത തിരിച്ചടി നൽകിയത്. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. പുലർച്ചെ ജമ്മുവിൽ പാക്ക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച ഇന്ത്യ പാക്കിസ്ഥാന്റെ ഡ്രോണുകൾ തകർത്തു.
പാകിസ്താനിലെ ലഹോറിലും പഞ്ചാബിലും ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും സിയാൽക്കോട്ടിലും ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. പുലർച്ചെ നാല് മണിക്ക് ശേഷമാണ് സംഭവം. പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കൃത്യമായി നിർവീര്യമാക്കി.
ഉറിയിൽ പാക്ക് വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് ഗുരുതര പരുക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. വിദേശകാര്യ മന്ത്രാലയം രാവിലെ വാർത്താസമ്മേളനം നടത്തും. ഇതിനിടെ ഇന്ത്യ ആക്രമണം കടുപ്പിച്ചതോടെ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ദുബായിലേക്കു മാറ്റി. ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയിൽനിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്ഫോടനങ്ങൾ നടന്നതായാണു വിവരം.
അതിനിടെ എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി. ചർച്ചയിലൂടെ സംഘർഷം പരിഹരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. അതിർത്തി സംസ്ഥാനങ്ങളിലെ പാക് പ്രകോപനത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ഹരിയാന, ബീഹാർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മുകശ്മീർ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.