ന്യൂഡൽഹി: സംഘർഷം തുടരുന്നതിനിടെ ജമ്മുവിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വധിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു. പാകിസ്താന്റെ ആക്രമണശ്രമങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ ശക്തമായാണ് തിരിച്ചടിച്ചത്. കര,നാവിക,വ്യോമ സേനകള്‍ പാകിസ്താനിലാകെ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്. പിന്നാലെ സാംബ അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു.
അതേസമയം, ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ അടിമുടി പാകിസ്ഥാൻ വിറച്ചിരിക്കുകയാണ്. പാകിസ്ഥാനിൽ ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം ഉണ്ടായതോടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റിയതായുള്ള വിവരങ്ങളും പുറത്ത് വന്നു. പാക് സൈനിക മേധാവിയേയും വസതിയിൽ നിന്ന് മാറ്റിയെന്ന് വിവരവും പുറത്തുവന്നിട്ടുണ്ട്.
ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20 കിലോമീറ്റർ അടുത്താണ് സ്ഫോടനം നടന്നത്. പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇന്ത്യൻ ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. അതേ സമയം കറാച്ചി തുറമുഖത്ത് നാവിക സേന വൻനാശം വിതച്ച് ആക്രമണം നടത്തിയിരിക്കുന്നത്. ഐഎൻഎസ് വിക്രാന്ത് മിസൈൽ ആക്രമണം നടത്തി. 1971 ന് ശേഷം വീണ്ടും കറാച്ചിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരിക്കുകയാണ് ഇന്ത്യ.
അതേസമയം ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറാണ് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
അമേരിക്ക, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി സംസാരിച്ചതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഡോ. ജയശങ്കര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യ അളന്നുമുറിച്ചാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും കൂടുതല്‍ പ്രകോപനം ഉണ്ടായാല്‍ അതിനനുസരിച്ച് തിരിച്ചടിക്കുമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഈ രാജ്യങ്ങളുടെ പ്രതിനിധികളെ അറിയിച്ചതായി ജയശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ പറഞ്ഞു.