ന്യൂഡല്‍ഹി: പാക് പ്രകോപനങ്ങൾക്കു പിന്നാലെ കനത്ത ആക്രമണമഴിച്ചുവിട്ട് ഇന്ത്യ. ജമ്മുവിലെ ആക്രമണത്തിന് പിന്നാലെ പാക് തലസ്ഥാനത്തടക്കം തിരിച്ചടിച്ച് ഇന്ത്യ. ഇസ്‍ലാമാബാദ് അടക്കം നാലിടത്ത് സ്ഫോടനങ്ങള്‍ നടന്നു. പാകിസ്താനിലെ പെഷവാറിലും പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിനടുത്തും സ്ഫോടനം നടന്നു. ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായാൻ റിപ്പോർട്ട്. പാക് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്.
പാകിസ്താനെതിരെ തിരിച്ചടിച്ച് നാവിക സേനയും. ഐഎൻഎസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തിൽ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. 1971 ന് ശേഷം ആദ്യമായാണ് കറാച്ചിയിൽ ഇന്ത്യൻ നാവിക സേന ആക്രമണം നടത്തുന്നത്.
പാകിസ്താനിലെ ലഹോറിലും പഞ്ചാബിലും ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും സിയാൽക്കോട്ടിലും ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. പാകിസ്താന്‍റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ നിർവീര്യമായി.
ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച മൂന്ന് പാകിസ്താൻ യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ച് വീഴ്ത്തി. ഒരു അമേരിക്കൻ നിർമ്മിത എഫ്-16, രണ്ട് ചൈനീസ് നിർമ്മിത ജെഎഫ്-17 എന്നിവയാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ നടത്തിയ ആക്രമണനീക്കത്തിനാണ് ഇന്ത്യ കനത്ത തിരിച്ചടി നൽകിയത്. അതിർത്തി കടന്ന പാക് ഡ്രോണുകളും ഇന്ത്യ തകർത്തു.