ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. കുളു മണാലി, കിഷൻഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങളാണ് പുതുതായി അടച്ചത്. ഇതോടെ അടച്ച വിമാനത്താവളങ്ങളുടെ എണ്ണം 24 ആയി. പാക്ക് അതിർത്തിയോടു ചേർന്നവയ്ക്കു പുറമേ മറ്റുസംസ്ഥാനങ്ങളിൽ സേനാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും പട്ടികയിലുണ്ട്. ചിലതു മേയ് 10 വരെയും മറ്റുള്ളവ അനിശ്ചിതകാലത്തേക്കുമാണു അടച്ചത്.
ചണ്ഡിഗഡ്, ശ്രീനഗർ, അമൃത‍്സർ, ലുധിയാന, കുളു മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ, ജോധ്പുർ, ബിക്കാനീർ, ഹൽവാഡ, പഠാൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കേശോദ്, കാണ്ഡല, ഭുജ് എന്നിവയാണ് അടച്ച വിമാനത്താവളങ്ങൾ. ചെന്നൈയിൽനിന്ന് പുറപ്പെടേണ്ടതും എത്തിച്ചേരണ്ടതുമായ അഞ്ച് വീതം സർവീസുകളും റദ്ദാക്കി. മുംബൈയ്ക്കുള്ള സർവീസുകളും ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കിയതായാണ് വിവരം.