ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിവിധ രീതികളില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
വ്യാഴാഴ്ച രാത്രി അതിര്‍ത്തിയില്‍ ഇന്ത്യ പാക് സംഘര്‍ഷം ശക്തമായതോടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടു എന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും വ്യാജ പ്രചാരണമാണെന്നും പി.ഐ.ബി അറിയിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ പാക്കിസ്ഥാന്റെ പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതയും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട് എന്നത് മാത്രമാണ് വസ്തുത. സുരക്ഷിത യാത്ര ഉറപ്പുവരുത്താനും പരിശോധനകള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി യാത്രകള്‍ ആരംഭിക്കാനുമായി യാത്രക്കാരോട് വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് 3 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.