ഇന്ത്യ-പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടിയിൽ വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ എ.എ. റഹീം എംപി. ഇന്നലെ രാത്രിയിലുണ്ടായ പാക്ക് ആക്രമണത്തെ തുടർന്ന് റിപ്പോർട്ടർ ചാനൽ നടത്തിയ റിപ്പോർട്ടിംഗ് രീതിക്കെതിരയായിരുന്നു വിമർശനം.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു റഹീമിന്റെ പ്രതികരണം. റിപ്പോർട്ട് ചെയ്തു ഭീതി വിതയ്ക്കരുതെന്നും ഔദ്യോഗിക സ്ഥിരീകരണമില്ലാതെയുള്ള വിവരങ്ങൾ പരത്തി പരിഭ്രാന്തി വിതയ്ക്കരുതെന്നുമായിരുന്നു പോസ്റ്റ്. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചപ്പോഴാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സംഘർഷത്തെ തുടർന്ന് അടയ്ക്കുന്നതായി മേൽപറഞ്ഞ് ചാനൽ വാർത്ത പുറത്ത വിട്ടത്. എംപി എന്നുള്ള നിലയിൽ വിവരത്തെ കുറിച്ച് തിരക്കിയപ്പോൾ വാർത്ത വ്യാജമാണെന്ന് മനസിലായെന്നും ആ വാർത്ത കാരണം ധാരാളം ആളുകൾ പരിഭ്രാന്തരാകുന്നത് നേരിൽ കണ്ടെന്നും എ.എ. റഹീം പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം…………..
റിപ്പോർട്ട് ചെയ്തു ഭീതി വിതയ്ക്കരുത്.
ഇന്നലെ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് തിരിക്കുന്നതിനായി ഡൽഹി എയർപോർട്ടിൽ കാത്തിരിക്കുന്ന നേരത്താണ് റിപ്പോർട്ടർ ടി വി യുടെ വാർത്താ ബ്രേക്കിങ്
“രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു”.
എന്തെങ്കിലും വസ്തുതയുണ്ടോ എന്നറിയാൻ അധികൃതരോട് തിരക്കി,അവർ വാർത്ത തള്ളിക്കളഞ്ഞു,15മിനിറ്റിനകം ബോർഡിങ് ആരംഭിക്കും എന്നറിയിച്ചു.അപ്പോൾ എയർപോർട്ടിലുണ്ടായിരുന്ന നിരവധി മലയാളികൾ ഇതേ സമയം പരിഭ്രാന്തരാകുന്നത് നേരിൽ കണ്ടു.എല്ലാവരുടെയും ബന്ധുക്കളുടെ ഫോൺവിളികൾ…
എന്റെ വിമാനത്തിലേയ്ക്ക് പോകുമ്പോൾ കേരളത്തിലെ മറ്റൊരു പൊതുപ്രവർത്തകനെ കണ്ടു.അദ്ദേഹം പൂനയിലേയ്ക്ക് വിമാനം കയറാൻ നിൽക്കുകയാണ്.അദ്ദേഹത്തിനും ബന്ധുക്കളുടെ ഫോൺ വിളികൾ..
ഞങ്ങളുടെ വിമാനം കൃത്യ സമയത്തു തന്നെ നിറയെ യാത്രക്കാരുമായി പറന്നുയർന്നു.പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങി.
ലാൻഡ് ചെയ്തുടനെ ഫോണിൽ ഒരു സുഹൃത്തിന്റെ വാട്സ് അപ്പ് സന്ദേശം.
അദ്ദേഹത്തിന്റെ ബന്ധുക്കൾ അടങ്ങിയ ഒരു സംഘം കശ്മീരിൽ പെട്ടുപോയിരുന്നു.
അവരെക്കുറിച്ചുള്ള ആശങ്കയാണ് ചാറ്റിൽ. മറുപടി ടെക്സ്റ്റ് ചെയ്തു.വിമാനത്തിൽ ആയിരുന്നതിനാൽ ആണ് സന്ദേശം കാണാത്തത് എന്ന് പറഞ്ഞപ്പോൾ അയാൾ ആശ്ചര്യത്തോടെ ചോദിക്കുകയാണ് “അപ്പോൾ വിമാനമൊക്കെ ഇപ്പോഴും സർവീസ് നടത്തുന്നുണ്ടോ എന്ന്??”
മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പരിഭ്രാന്തിയിൽ പുലർച്ചെ 2:45 നും ഉണർന്നിരിക്കുന്ന അനേകം മലയാളികളിൽ ഒരാളായിരുന്നു അദ്ദേഹം.
വ്യാജ വാർത്തകളും,ഉദ്വേഗ ജനകമായ റിപ്പോർട്ടിങ്ങും നടത്തി ദൂരെയുള്ള ഉറ്റവരുടെ കാര്യത്തിൽ അനാവശ്യമായ ആശങ്കയിൽ മലയാളികളെ തള്ളിവിടുകയാണ് നമ്മുടെ മാധ്യമങ്ങൾ.
എയർപോർട്ടുകൾ അടച്ചു എന്ന വാർത്ത യുടെ പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്താതെ യാത്രക്കാരുടെ ഫോൺ വിളികൾ ആയിരുന്നു എന്ന് അവിടുത്തെ ജീവനക്കാർ എന്നോട് പറഞ്ഞു.തുടർന്നുള്ള മണിക്കൂറുകളിൽ യാത്ര നിശ്ചയിച്ചിരുന്ന ആളുകളുടെ ഉറക്കം കെടുത്തിയ വാർത്തയുടെ impact.
തീരുന്നില്ല,
വിമാനത്താവളത്തിന് പുറത്ത് വന്നപ്പോൾ തിരുവനന്തപുരത്തെ വളരെ പ്രധാനപ്പെട്ട ഒരു യുവ സംരംഭകൻ പുറത്തു നിൽക്കുന്നു.ഡൽഹിയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ജി എം ഉൾപ്പെടെയുള്ള ജീവനക്കാർ ഈ വിമാനത്തിൽ ഉണ്ടായിരുന്നു.
“അവരെ റിസീവ് ചെയ്യാൻ വന്നതാണ്.ഇത് ലാസ്റ്റ് ഫ്‌ളൈറ്റ് ആണല്ലോ???‘!!!.അദ്ദേഹം എന്നോട് പറയുമ്പോൾ മുഖത്ത് ആശങ്കയും ഭീതിയും..മനുഷ്യരുടെ മനസ്സിൽ എത്ര മാത്രം ആശങ്കയാണ് മിസൈലുകളെക്കാൾ വേഗതയിൽ ഊതിപ്പെരുപ്പിച്ച വാർത്തകൾക്ക് സൃഷ്ടിക്കാൻ കഴിയുന്നത്!!!.
നമ്മുടെ സൈന്യം വളരെ പ്രശംസനീയമായാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത്.എല്ലാ സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുന്നുമുണ്ട്.വിവരങ്ങൾ സൈന്യവും കേന്ദ്ര സംസ്ഥാന സർക്കാരുകളും യഥാ സമയം നമ്മളെ അറിയിക്കും.ഏത് അക്രമത്തെയും നേരിടാനുള്ള ശേഷി നമ്മുടെ സൈന്യത്തിന് ഉണ്ട്.ഇനി അതിനുമപ്പുറം എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ ഒരുമിച്ചു ആ സാഹചര്യത്തെയും നേരിടും.ഔദ്യോഗിക വാർത്തകൾ അല്ലാതെ സ്ഥിരീകരിക്കാത്തതും,
ആശങ്കയും ഭയവും പരത്തുന്നതുമായ വാർത്തകൾ നൽകുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം.
ഇന്നലെതന്നെ വന്ന മറ്റൊരു വാർത്ത നോക്കൂ…ഏഷ്യാനെറ്റ് വാർത്ത ഞാൻ കണ്ടത് ഇങ്ങനെ,ഡൽഹിയിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകന്റെ റിപ്പോർട്ട്, “രജൗറിയിൽ ഒരു ചാവേർ ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്” എന്നാണ്.സ്ഥിരീകരിക്കാത്തത് എന്നുറപ്പുള്ള വാർത്തയാണെങ്കിൽ പിന്നെയെന്തിനാണ് അത് കൊടുക്കുന്നത്?.ധൃതി എന്തിനു? സ്ഥിരീകരിക്കട്ടെ,എന്നിട്ട് കൊടുത്താൽ പോരെ..?
ആദ്യം ആര് കൊടുക്കും എന്ന വൃത്തികെട്ട കിടമത്സരമാണ് ഈ ദൃശ്യ മാധ്യമങ്ങൾ ഈ സമയത്തുപോലും നടത്തുന്നത്.തീരെ റെസ്പോൺസിബിൾ അല്ലാത്ത മാധ്യമ പ്രവർത്തനം.
ഇന്നലെ രാത്രിയിൽ എല്ലാ മനുഷ്യരെയും തങ്ങളുടെ സ്‌ക്രീനിനു മുന്നിൽ തന്നെ നിർത്താൻ ഇവർ നടത്തിയ ഉദ്വേഗ ജനകമായ റിപ്പോർട്ടിങ്ങിൽ ഉറക്കം നഷ്ടപ്പെട്ട മുഴുവൻ മലയാളികളും ഇതോടൊപ്പം കമന്റിൽ പോസ്റ്റ് ചെയ്യുന്ന ആർമിയുടെ ഔദ്യോഗിക അറിയിപ്പ് വായിക്കണം.ഇത്ര മാത്രമാണ് ഇന്നലെ നടന്നത്.എന്നാൽ എന്തൊക്കെയോ ഇന്നലെ രാത്രി നടക്കാൻ പോകുന്നു എന്ന തരത്തിൽ പാനിക്ക് വാർത്തകളായിരുന്നു രാത്രി മുഴുവൻ.
അതിർത്തിയിലും രാജ്യത്തും ഇന്നലെ നടന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ സൈന്യം നമ്മോട് പറഞ്ഞു.
സ്ഥിരീകരിക്കാത്തതും പാർവതീകരിച്ചതുമായ വാർത്തകൾ നൽകി മനുഷ്യരുടെ മനസ്സമാധാനം കെടുത്തി വാർത്തകൾ വിറ്റ് കച്ചവടം നടത്തുന്ന ‘ദൃശ്യ മാധ്യമ കമ്പനികൾ’ആത്മപരിശോധന നടത്തണം.
ബിസിനസ്സിന് പറ്റിയ നല്ല ഇവന്റ് ആയി ദയവായി ഈ അവസരത്തെ കാണരുത് ഇതല്ല റേറ്റിങ് കൂട്ടാനും,ബിസിനസ് കിടമത്സരം നടത്താനും പറ്റിയ സമയം.
Be Responsible.ഉത്തരവാദിത്വം ഇല്ലാത്ത വാർത്തകൾ നൽകരുത്.തൃശൂർ പൂരം റിപ്പോർട്ട് ചെയ്യുന്നതുപോലെ ആവേശ കമന്ററികൾ അല്ല ജനത്തിന് മുന്നിൽ വിളിച്ചു പറയേണ്ടത്.ഔദ്യോഗികമായ സ്ഥിരീകരണം ഇല്ലാതെ വാർത്തകൾ ‘മാർക്കറ്റ്’ ചെയ്യുന്നത് കടുത്ത. ദ്രോഹമാണ്.
content highlight: A A Rahim MP Facebook post