ട്രെയിനിലെ ഭക്ഷണവും വെള്ളവും ഒരുപോലെ സഹിക്കാനാണ് ഭാരതീയരുടെ വിധി. മറ്റ് രാജ്യങ്ങളെക്കാൾ മികച്ച ഗതാഗത മാർഗം നമുക്കുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇത്തരം ചില ന്യൂനതകൾ അതിന് പേര് ദോഷമാണ്. പലപ്പോഴും ഇതേ ചൊല്ലി പാൻട്രി ജീവനക്കാരുമായി തർക്കത്തിലേർപ്പെടേണ്ടതായും വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടകുന്ന ഒരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
ഹേമകുന്ത് എക്സ്പ്രസിന്റെ എസി കോച്ചിലായിരുന്നു സംഭവം.കാറ്ററിംഗ് ജീവനക്കാർ അമിത നിരക്ക് ഈടാക്കിയതായി ഓൺലൈൻ പരാതി നൽകിയതിന് പിന്നാലെ യാത്രക്കാരന് ക്രൂരമർദനം ഏൽക്കേണ്ടി വന്നിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ യാത്രക്കാരൻ തന്റെ യൂട്യൂബ് ചാനലായ ‘മിസ്റ്റർ വിശാൽ’ എന്ന ചാനലിൽ പോസ്റ്റ് ചെയ്തതോടെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പാൻട്രി ജീവനക്കാർ ട്രെയിൻ കമ്പാർട്ടുമെന്റിലേക്ക് കയറിവന്ന് തേർഡ് ടയർ ബെർത്തിൽ ഇരിക്കുന്ന യാത്രക്കാരനെ മർദിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. “വെള്ളത്തിന് അമിത വില ഈടാക്കിയതിനാലാണ് ഞാൻ പരാതിപ്പെട്ടത്,” എന്ന് യാത്രക്കാരൻ ഏറ്റുമുട്ടൽ റെക്കോർഡ് ചെയ്യുന്നതിനിടെ വീഡിയോയിൽ പറയുന്നത് കേൾക്കാം. ബെർത്തിൽ നിന്ന് ഇറങ്ങാൻ ഇവർ ആവശ്യപ്പെടുകയും അതിന് തയാറാകാതെയിരുന്ന യാത്രക്കാരനെ ഒരാൾ മുകളിലേക്ക് കയറി ശാരീരികമായി ആക്രമിക്കുന്നതും കാണാം.
തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത പൂർണ്ണ വീഡിയോയിൽ, 3AC കോച്ചിൽ യാത്ര ചെയ്യുന്നതിനിടയിൽ വിശാൽ ഒരു വിൽപ്പനക്കാരനിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങുന്നത് കണ്ടു. വണ്ടർ അക്വാ എന്ന് ലേബൽ ചെയ്ത ഒരു കുപ്പി വിശാലിന് നൽകി, അതിന് 20 രൂപ ഈടാക്കി. അമിത വില ഈടാക്കിയതിനെ വിശാൽ ചോദ്യം ചെയ്യുകയും കമ്പനി നിർമ്മിച്ച വാട്ടർ ബോട്ടിലുകൾ വിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, വിൽപ്പനക്കാരൻ തന്റെ കൈവശം ഇത് മാത്രമേയുള്ളൂ എന്നും പറയുന്നു.
അമിത ചാർജിൽ ആശങ്കാകുലനായ അദ്ദേഹം റെയിൽമഡാഡ് ആപ്പ് വഴി ഔദ്യോഗികമായി പരാതി നൽകി. അധികം താമസിയാതെ, റെയിൽവേ ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹത്തിന് ഒരു കോൾ ലഭിച്ചു. എന്നാൽ പരാതി നൽകിയതിന് തൊട്ടുപിന്നാലെ പാന്റ്രി ജീവനക്കാരുമായി ഏറ്റുമുട്ടലുണ്ടായി. വീഡിയോ വൈറലായതിനുശേഷം പൊതുജനങ്ങളുടെ പ്രതിഷേധം അതിവേഗം വർദ്ധിച്ചതോടെ, ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പിന്തുണാ അക്കൗണ്ടായ റെയിൽവേ സേവ, സംഭവത്തെക്കുറിച്ച് X-ൽ പ്രതികരിച്ചു.
“കേസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കാറ്ററിംഗ് നടത്തിയയാൾക്കെതിരെ 5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. കത്വ ജിആർപി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയം കർശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും,” റെയിൽവേ സേവ പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു. ന്യായമായ ഒരു പരാതിയുടെ പേരിൽ ഉണ്ടായ ക്രൂരമായ പ്രതികാരം യാത്രക്കാരുടെ സുരക്ഷയെയും ഓൺബോർഡ് കാറ്ററിംഗ് ജീവനക്കാരുടെ ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ആണ് ഉയർത്തുന്നത്.
content highlight: Passenger attacked in train by pantry staffs