ജമ്മുവിലെ സാംബ ജില്ലയിൽ ഏഴു ഭീകരരെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വധിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12 ഓളം പേർ സംഘത്തിലുണ്ടായിരുന്നെന്നും ബാക്കി അഞ്ച് പേർ രക്ഷപ്പെട്ടെന്നുമാണ് വിവരം, ഇവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്എഫ് അറിയിച്ചു. ജമ്മു, പഠാൻകോട്ട്, ഉദംപുർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യ നിർവീര്യമാക്കിയതിനു പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമമവും.
സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയതിനു പിന്നാലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം പാക്ക് സൈന്യം വെടിവയ്പ് പുനഃരാരംഭിച്ചിരുന്നു. ജമ്മു കശ്മീരിലെ കുപ്‍വാര, ഉറി മേഖലകളിലാണ് ഇന്നു പുലർച്ചെ പാക്ക് സൈന്യം വീണ്ടും വെടിവയ്പ് നടത്തിയത്. ഇതിനു ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകുന്നത്.