World

ഇന്ത്യയുമായുള്ള സംഘർഷം പാക്കിസ്ഥാനെ പാപ്പരത്വത്തിൽ കൊണ്ടെത്തിക്കുമോ??

പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഇതിന് പിന്നെല പാകിസ്താൻ അതിർത്തിയിൽ പ്രകോപനം ആരംഭിച്ചെങ്കിലും ഇന്ത്യൻ തിരിച്ചടിയിൽ പതറി .ഇത് കൂടാതെ പാകിസ്താന് കടുത്ത സാമ്പത്തിക പ്രഹരമേൽപ്പിക്കാനുള്ള വഴികളും ഇന്ത്യ നോക്കുന്നുണ്ട്. ഐഎംഎഫ് സഹായം റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഐഎംഎഫിൻറെ ബോർഡ് യോഗം ഇന്ന് നടക്കാനിരിക്കെയാണ് ഇന്ത്യയുടെ നിർണായക നീക്കം.
1.3 ബില്യണ്‍ ഡോളറാണ് പാകിസ്താന്‍ രാജ്യാന്തര നാണയനിധിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താന് തുടര്‍ വായ്പ അനുവദിക്കുന്നതിനെ ഇന്ത്യ ശക്തമായി വിയോജിച്ചിട്ടുണ്ട്. പാകിസ്താന്‍ ലഭിക്കുന്ന ഫണ്ടുകള്‍ അയല്‍രാജ്യത്ത ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കുന്നുവെന്നാണ് ഇന്ത്യയുടെ വാദം.

പാകിസ്താന് സാമ്പത്തിക സഹായം നല്‍കാനുള്ള ഐഎംഎഫ് നീക്കത്തില്‍ ഇന്ത്യ ആദ്യം വിട്ടുനിന്നിരുന്നു. എന്നാല്‍ ആക്രമണത്തിനു ശേഷം എക്‌സ്റ്റെന്‍ഡഡ് ഫണ്ടിംഗ് ഫെസിലിറ്റി (ഇഎഫ്എഫ്) യുടെ ഇന്നു നടക്കുന്ന ദ്യ അവലോകനത്തിന് മുന്നോടിയായി തന്നെ ഇടപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഎംഎഫ് എക്‌സിക്യൂട്ടീവ്് ബോര്‍ഡ് ഇന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കും.

 

പാകിസ്ഥാന് നല്‍കിയ ഫണ്ടുകളും വായ്പകളും പുനഃപരിശോധിക്കാന്‍ ഐഎംഎഫ് ഉള്‍പ്പെടെയുള്ള ആഗോള ബഹുരാഷ്ട്ര ഏജന്‍സികളോട് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഐഎസ്ഐ, ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) പോലുള്ള ഭീകര ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ, സൈനിക-ഇന്റലിജന്‍സ് ശൃംഖലയിലേക്ക് ആഭ്യന്തര വിഭവങ്ങള്‍ തിരിച്ചുവിടാന്‍ ഈ ഫണ്ടുകള്‍ പാകിസ്താനെ സഹായിക്കുന്നുവെന്നാണ് ഇന്ത്യയുടെ വാദം.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് ഐഎംഎഫ് പാക്‌സിതാന് വായ്പ അനുവദിച്ചത്. തുടര്‍ ഗഡു അനുവദിക്കപ്പെടുക മുന്‍ ഫണ്ട് എങ്ങനെ വിനിയോഗിച്ചുവെന്നു കൂടി വിലയിരുത്തിയ ശേഷമാകും. ഐഎംഎഫ് വായ്പയാണ് നിലവില്‍ പാകിസ്താന്റെ ഏക ആശ്രയം. രാജ്യത്ത് ഇതോടകം തന്നെ വന്‍ പണപ്പെരുപ്പമാണുള്ളത്. അടുത്ത ഗഡു ധനസഹായം ഉറപ്പാക്കുന്നതിന് ആവശ്യമായ പരിഷ്‌കരണ മാനദണ്ഡങ്ങള്‍ പാകിസ്താന്‍ പാലിച്ചിട്ടുണ്ടോ എന്നാകും ഐഎംഎഫ് ഇന്നു പ്രധാനമായും വിലയിരുത്തുക

കഴിഞ്ഞ വര്‍ഷമാണ് പാകിസ്താന് ഐഎംഎഫ് 7 ബില്യണ്‍ ഡോളറിന്റെ ബെയില്‍ ഔട്ട് പാക്കേജ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് മാര്‍ച്ചില്‍ വീണ്ടും 1.3 ബില്യണ്‍ ഡോളര്‍ കൂടി വായ്പ ലഭിച്ചിരുന്നു. 350 ബില്യണ്‍ ഡോളര്‍ മാത്രം ശേഷിയുള്ള പാകിസ്താന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് ഈ ഫണ്ടുകള്‍ വളരെ വലുതാണ്.