കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ പുക ഉയര്‍ന്ന സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. അഞ്ചംഗ അന്വേഷണ സംഘം മെഡിക്കൽ കോളേജിൽ എത്തി തെളിവെടുപ്പ് നടത്തി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയമിച്ച സമിതിയാണ് അന്വേഷണം നടത്തുന്നത്.
കോട്ടയം മെഡി. കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന്റെ നേതൃത്തിലാണ് അന്വേഷണം. പുക ഉയർന്ന അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സംഘം പരിശോധന നടത്തി. അപകടസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാർ, ജീവനക്കാർ, രോഗികള്‍ തുടങ്ങിയവരിൽ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചു.
അപകടസമയത്ത് രോഗികളെ കെട്ടിടത്തിൽ നിന്ന് മാറ്റിയതിൽ പിഴവുണ്ടായോ എന്നും, മറ്റ് ആശുപത്രികളിലേക്കുൾപ്പെടെ മാറ്റിയ രോഗികളുടെ ചികിത്സയും ആ സമയത്തുണ്ടായ മരണങ്ങളും അന്വേഷണ പരിധിയിൽ ഉള്‍പ്പെടും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ആദ്യം പുക ഉയർന്നത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടെ വീണ്ടും കെട്ടിടത്തിലെ ആറാം നിലയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി.