പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വി ടി ബൽറാം. ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതും വസ്തുനിഷ്ഠമല്ലാത്തതുമായ വിവരങ്ങൾ മലയാളത്തിലടക്കമുളള ചില മാധ്യമങ്ങൾ പുറത്ത് വിടുകയും പിന്നീട് പിൻവലിക്കുകയുമുണ്ടായിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുകയാണ് വി ടി ബൽറാം ഫേസ്ബുക്കിലൂടെ.
വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ:
ഇന്ത്യ-പാക് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നതും പൊളിച്ചടുക്കപ്പെട്ടതുമായ പ്രധാന നുണപ്രചരണങ്ങൾ:
1) പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾ തകർത്തുകൊണ്ടുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് കെ.സുരേന്ദ്രനും മറ്റ് പലരും പങ്കുവെച്ച വിഡിയോ വ്യാജമായിരുന്നു. 2024 ഒക്ടോബറിൽ ഇറാൻ ഇസ്രയേലിലേക്ക് നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടത്. സുരേന്ദ്രൻ പിന്നീട് ഈ വിഡിയോ പിൻവലിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ യഥാർത്ഥ ചിത്രങ്ങളും വിവരങ്ങളും സൈന്യം തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
2) ഇന്ത്യയുടെ 7 വിമാനങ്ങൾ പാക് പട്ടാളം വെടി വച്ച് വീഴ്ത്തി എന്ന് പറഞ്ഞ് ക്രിസംഘി യൂട്യൂബർ മാത്യു സാമുവൽ ചെയ്ത വിഡിയോയും അസ്സൽ നുണപ്രചരണമായിരുന്നു. ദി ഹിന്ദു പത്രവും അതിനെ ഉദ്ധരിച്ച് റോയിട്ടേഴ്സും ചൈനീസ് മാധ്യമങ്ങളുമൊക്കെ ഈ വ്യാജ വാർത്ത പ്രചരിപ്പിരുന്നു. ദി ഹിന്ദു പിന്നീടിത് പിൻവലിച്ചു. മാത്യു സാമുവലിന്റെ യൂട്യൂബ് ചാനൽ കേന്ദ്ര സർക്കാർ ഇടപെട്ട് പൂട്ടിക്കെട്ടിയെന്ന് പറയപ്പെടുന്നു.
3) ഇന്ത്യൻ സൈന്യം കറാച്ചി തുറമുഖം ആക്രമിച്ചുവെന്ന് മാതൃഭൂമി ന്യൂസും മറ്റ് പലരും വ്യാജവാർത്ത നൽകിയിരുന്നു. ഫിലഡൽഫിയയിലെ ഒരു വിമാനാപകടത്തിന്റെ ദൃശ്യങ്ങളാണ് ഇതിനൊപ്പം നൽകിയിരുന്നത്. എന്നാൽ ഇതുവരെ കറാച്ചി ആക്രമിച്ചിട്ടില്ലായെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്ത മാതൃഭൂമി പിന്നീട് തിരുത്തി.
4) പാക് മിസൈലുകളെ ഇന്ത്യ നിർവ്വീര്യമാക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന മട്ടിൽ 24 ന്യൂസ് വ്യാജ വിഡിയോ ഇന്നലെ പ്രചരിപ്പിച്ചിരുന്നു. ഇസ്രയേലിന്റെ അയേൺ ഡോം വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇങ്ങനെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
5) ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളും അടച്ചിരിക്കുന്നു എന്ന് വ്യാജ വാർത്ത നൽകി റിപ്പോർട്ടർ ടിവിയും ബിനീഷ് കോടിയേരിയുമൊക്കെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. എന്നാൽ എയർപോർട്ടുകളിലെ സുരക്ഷ വർദ്ധിപ്പിക്കുകയും ടെർമിനലുകൾക്കകത്ത് സന്ദർശകരെ നിയന്ത്രിക്കുകയുമാണ് യഥാർത്ഥത്തിൽ ഉണ്ടായിട്ടുള്ളത്.
6) അമൃത്‌സർ മിലിറ്ററി ബേസ് ബോംബിട്ട് തകർത്തു എന്ന് പാക് മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തുന്നുണ്ട്. എന്നാൽ 2024ലെ ഒരു കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഈ നുണപ്രചരണത്തിനായി ഉപയോഗിക്കപ്പെടുന്നത്.
7) ജമ്മു എയർബേസ് ബോംബിട്ട് തകർത്തു എന്ന നിലയിലും പാകിസ്ഥാൻ വ്യാജ പ്രചരണം നടത്തുന്നുണ്ട്. എന്നാൽ ഇതിന്റേതെന്ന നിലയിൽ നൽകുന്ന ദൃശ്യങ്ങൾ കാബൂൾ എയർപോർട്ടിൽ മുമ്പുണ്ടായ ഒരു അപകടത്തിന്റേതാണ് എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.
8.) ഗുജറാത്തിലെ ഹസീറ തുറമുഖം പാക്കിസ്ഥാൻ തകർത്തു എന്ന പേരിലും വ്യാജ വിഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വിഡിയോ യഥാർത്ഥത്തിൽ 2021ലെ ഒരു ഓയിൽ ടാങ്കർ സ്ഫോടനത്തിന്റേതാണ്.
9) “പാക് സൈനിക മേധാവി കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്” എന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്തോ ആവട്ട്. പണ്ടേ തലയും വാലുമില്ലാത്ത കൂട്ടരാണ്, പാക്കിസ്ഥാനും റിപ്പോർട്ടറും.