Health

ശ്വാസകോശ ആർബുദം ഇനി നേരത്തെ തിരിച്ചറിയാം; സാങ്കേതിക വിദ്യ ഇനി ഇന്ത്യയിലും

ശ്വാസകോശ ആർബുദം ഇനി നേരത്തെ കണ്ടെത്താനാകും. ഇതിനായുള്ള സാങ്കേതിക വിധ്യ ഇന്ത്യയിലും കണ്ടെത്തിയിരിക്കുകയാണ്. . ജോൺസൺ & ജോൺസൺ മെഡ്‌ടെകും ക്യൂറെ എ ഐ.യും ചേർന്നാണ് നൂതന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഡിക്കൽ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിലൂടെ ശ്വാസകോശ അർബുദത്തെ ചികിത്സിക്കാവുന്ന ഘട്ടത്തിൽ തന്നെ തിരിച്ചയാനാകും. എക്‌സ്-റേ & സിടി സ്‌കാനുകളുടെ രീതികളിൽ കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തി ശ്വാസകോശത്തിലെ മാരകമായേക്കാവുന്ന നോഡ്യൂളുകൾ കണ്ടെത്താനുള്ള വഴി തുറന്ന് കൊടുക്കുകയാണ് ജോൺസൺ & ജോൺസൺ മെഡ്‌ടെക് ഇന്ത്യയും ക്യൂറെ എ ഐയും.

ഇന്ത്യയിലെ വിവിധ ഇടങ്ങളിലുള്ള പ്രമുഖ ആശുപത്രികളിൽ ക്യൂറെ എ ഐയുടെ നേതൃത്വത്തിലുള്ള ഇൻസിഡന്‍റൽ പൾമണറി നോഡ്യൂൾ (ഐപിഎൻ) ഡിറ്റക്ഷൻ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. രോഗം നേരത്തെ കണ്ടെത്തൽ, ട്രയേജിംഗ്, തുടർ ചികിത്സകൾ എന്നിവ ഒപ്റ്റിമൈസ് ചെയ്യുന്ന സംയോജിത സ്‌ക്രീനിംഗ് ഹബ്ബുകളായി ഈ ക്ലിനിക്കുകൾ പ്രവർത്തിക്കും. ഇന്ത്യയിലെ 10 ഹബ് മെഡിക്കൽ സെന്‍ററുകളിൽ ഉടൻ തന്നെ ഇതിന്‍റെ പ്രവർത്തനം ആരംഭിക്കും. 20 സപ്പോർട്ടിംഗ് സ്‌പോക്ക് സൈറ്റുകളും കൂടി ഇതിൽ ഉൾപ്പെടുത്തും. തമിഴ്‌നാട്ടിലെ നാമക്കലിലുള്ള തങ്കം കാൻസർ സെന്‍ററിലാണ് ആദ്യത്തെ ക്ലിനിക് ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഒൻപതു പേരിൽ ഒരാൾക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 2021 ൽ ഇന്ത്യയിലാകെയുള്ള കാൻസർ രോഗികളുടെ എണ്ണം 26.7 ദശലക്ഷമായിരുന്നു. 2051 ആകുമ്പോഴേക്കും ഇത് 29.8 ദശലക്ഷമായി വർധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദിനംപ്രതി കാൻസർ വെല്ലുവിളി വർധിച്ചു വരുന്നതിനാൽ രോഗം നേരത്തെ കണ്ടെത്തുന്നത് ജീവൻ സംരക്ഷിക്കാൻ സഹായിക്കും. ഇതിന് നൂതന സാങ്കേതിക വിദ്യകൾ ആവശ്യമാണ്. പരമ്പരാഗത ഡയഗ്നോസ്റ്റിക് രീതികൾ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ശ്വാസകോശ അർബുദം കണ്ടെത്തുന്നതിൽ പരാജയപ്പെടാറുണ്ട്. ഇത് ചികിത്സ വൈകാനും രോഗിയ്ക്ക് ജീവൻ നഷ്‌ടമാകാനും കാരണമാകും.

പുരുഷന്മാരിലും സ്ത്രീകളിലും ശ്വാസകോശ അർബുദം കാൻസറിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി തുടരുന്നുവെന്ന് ജോൺസൺ & ജോൺസൺ മെഡ്‌ടെക്കിന്‍റെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്‌ടർ അനുജ് വിർമാണി പറഞ്ഞു. നൂതന ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഇന്ത്യയിൽ പരിമിതമാണ്. പ്രത്യേകിച്ച് ടയർ-2, ടയർ-3 നഗരങ്ങളിൽ. അതിനാൽ സമയബന്ധിതവും ഫലപ്രദവുമായ രോഗനിർണയം ലഭിക്കുന്നതിൽ വെല്ലുവിളികൾ നേരിടുകയും ചികിത്സ വൈകുന്നതിന് കാരണമാകുകയും ചെയ്യുന്നു. നൂതനമായ പരിഹാരങ്ങളിലൂടെ ആരോഗ്യ സംരക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ക്യുറെ എ ഐയുമായുള്ള തങ്ങളുടെ സഹകരണമെന്നും അനുജ് വിർമാനി പറഞ്ഞു.