അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ ഇനി മൂന്ന് ഹെക്ടര്‍ ഭൂമിക്ക് ഉടമ. പാലക്കാട് നടന്ന സംസ്ഥാന പട്ടയ മേളയില്‍റവന്യു മന്ത്രി കെ രാജന്‍ മധുവിന്റെ അമ്മ മല്ലിക്ക് പട്ടയ രേഖകള്‍ കൈമാറി. വനാവകാശ നിയമപ്രകാരം അട്ടപ്പാടി കടുകമണ്ണയിലെ മൂന്ന് ഹെക്ടറോളം സ്ഥലമാണ് മല്ലിക്ക് കൈമാറിയത്.
മന്ത്രി രാജന്‍ പ്യത്യേക താല്പര്യമെടുത്താണ് മധുവിന്റെ കുടുംബത്തിന് പട്ടയം ലഭ്യമാക്കിയത്. മധുവിന്റെ പൂര്‍വ്വികര്‍നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അട്ടപ്പാടിയിലേക്ക് കുടിയേറി പാര്‍ത്തവരാണ്. കൃഷി ചെയ്താണ് ആദിവാസികള്‍ ഇവിടെ ജീവിച്ച് പോന്നിരുന്നത്. ഈ പ്രദേശത്തുകാര്‍ക്ക് ആര്‍ക്കും പട്ടയം ഉണ്ടായിരുന്നില്ല.
പട്ടയം കിട്ടിയതില്‍ സന്തോഷമുണ്ട്. ഒരുപാട് കാലത്തെ ആഗ്രഹമാണ് നടന്നിരിക്കുന്നത്. പട്ടയം ലഭിക്കാന്‍ മുന്‍കൈ എടുത്ത മന്ത്രിയടക്കം എല്ലാവരോടും മല്ലി നന്ദി അറിയിച്ചു. 2018 ഫെബ്രുവരിയിലാണ് മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ചിലര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊല്ലുന്നത്. കേസില്‍ 15 പ്രതികളെ കോടതി 2023ല്‍ തടവ് ശിക്ഷ വിധിച്ചു.
പട്ടയവിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് കോട്ടമൈതാനിയില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016മുതല്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ഓരോന്നായി പാലിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനകം 1,77,011 പട്ടയം വിതരണം ചെയ്തു. ഈ സര്‍ക്കാര്‍ കഴിഞ്ഞ മൂന്നുവര്‍ഷം 1,80,887 പട്ടയങ്ങളും ഈ വര്‍ഷം ഇതുവരെ 43,058 പട്ടയങ്ങളും വിതരണംചെയ്തു. ഈ വര്‍ഷം ഒരു ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
CONTENT HIGH LIGHTS; Attappadi Madhu’s mother, who was beaten to death by a mob, was given land at the Patta Mela