കൽപ്പറ്റ: മഹാദുരന്തത്തിന്‍റെ വേദനയ്ക്കിടയിലും വയനാട്ടിലെ വെളളാര്‍മല സ്‌കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം. മുണ്ടകൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ വയനാടിനെ ഉലച്ചെങ്കിലും മേപ്പാടി സ്കൂളിനോടൊപ്പമുള്ള കെട്ടിടത്തിലാണ് ഇപ്പോൾ വെള്ളാർമല സ്കൂളും പ്രവർത്തിക്കുന്നത്.
പരീക്ഷയെഴുതിയ 55 കുട്ടികളും മികച്ച മാര്‍ക്കോടെ വിജയിച്ചു. മേപ്പാടിയിലെ താല്‍കാലിക സ്‌കൂള്‍കെട്ടിടത്തില്‍ വെച്ച് ഫലം നോക്കിയ അധ്യാപകരും കുട്ടികളും ആഹ്ലാദം പങ്കുവച്ചു. ഉരുള്‍പൊട്ടലില്‍ സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നതോടെ മേപ്പാടിയില്‍ താത്കാലിക കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും അഭിനന്ദിച്ചു. വെള്ളാര്‍മല സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിജയം കരസ്തമാക്കുന്നതിനു വേണ്ടി കഴിഞ്ഞത് ഏറ്റവും ആഹ്ലാദകരവും ആവേശവും സന്തോഷവും പകരുന്ന വാര്‍ത്തയാണ്. വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും അഭിനന്ദിക്കുന്നു – മന്ത്രി പറഞ്ഞു.
99.5 ശതമാനമാണ് സംസ്ഥാനത്ത് ഇത്തവണ ആകെ വിജയശതമാനം. 61,449 പേര്‍ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയും. ഏറ്റവും കൂടുതല്‍ A+ നേടിയ ജില്ല മലപ്പുറം.4115 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി. കഴിഞ്ഞ വര്‍ഷം 4934 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.