ഇന്ത്യ – പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ ഉപദേശിച്ച് സഹോദരനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനുപിന്നാലെ ലണ്ടനിലായിരുന്ന നവാസ് പാക്കിസ്ഥാനിലെത്തിയിരുന്നു.
നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കണമെന്ന് നവാസ് ഷെരീഫ് ഷഹബാസ് ഷെരീഫിനെ ഉപദേശിച്ചതായി പാക്കിസ്ഥാൻ മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂണിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാക്ക് ദേശീയ സുരക്ഷാസമിതി യോഗം ചേർന്ന് തീരുമാനിച്ച കാര്യങ്ങൾ ഷഹബാസ് ഷെരീഫ് നവാസിനെ അറിയിച്ചപ്പോഴാണ് വിഷയം നയതന്ത്രതലത്തിൽ പരിഹരിക്കാൻ നവാസ് ആവശ്യപ്പെട്ടത്. ആണവശേഷിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കണമെന്ന് നവാസ് ഷെരീഫ് ഉപദേശിച്ചുവെന്നാണ് റിപ്പോർട്ട്. 1999ലെ കാർഗിൽ യുദ്ധത്തെ എതിർത്തതോടെയാണ് തന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പാക്ക് സൈന്യം പുറത്താക്കിയതെന്ന് നവാസ് ഷെരീഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമുണ്ടാക്കേണ്ടത് പാക്കിസ്ഥാന് ആവശ്യമാണെന്ന് 2023ൽ നവാസ് ഷെരീഫ് പറഞ്ഞിരുന്നു.