ഇസ്‍ലാമാബാദ്: പാകിസ്താൻ എയർബേസ് ക്യാമ്പുകളിൽ ആക്രമണമെന്ന് റിപ്പോർട്ട്. ഷോർകോട്ടിലെ റഫീഖി വ്യോമതാവളത്തിനു സമീപം സ്ഫോടനം നടന്നതായാണ് വിവരം. റാവൽപിണ്ടി വ്യോമതാവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായും പാക്കിസ്ഥാൻ സൈന്യം ആരോപിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി.
അതേസമയം അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് സംയുക്തസേന മേധാവിയെ കാണും. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിൽ ചേർന്ന ഉന്നതതല യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായി പ്രതിരോധിക്കാൻ സേനയ്‍ക്ക് നിർദേശം നൽകാനാണ് തീരുമാനം. സുരക്ഷ കണക്കിലെടുത്ത് വടക്കൻ, പടിഞ്ഞാറൻ മേഖലയിലെ 32 വിമാനത്താവളങ്ങൾ മെയ് 14 വരെ അടച്ചിടും. അതിനിടെ പാകിസ്‍താന് ഐഎംഎഫിൽ നിന്ന് 8500 കോടി രൂപ വായ്പ ലഭിച്ചു. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് സഹായം ലഭിച്ചത്.
അതേസമയം, ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തി ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജലന്ധറിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. പുറത്തിറങ്ങരുതെന്ന് ഉൾപ്പെടെ ജനങ്ങൾക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. അതിനിടെ, ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി വൈകി വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. അതിനിടെ, ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇക്കാര്യം പാകിസ്താൻ സ്ഥിരീകരിക്കുന്നത് ആദ്യമാണ്. യുദ്ധക്കപ്പലുകൾ തന്ത്രപ്രധാന ഇടങ്ങളിൽ വിന്യസിച്ചെന്നും പാകിസ്താൻ പറയുന്നു. തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിൽ സൈന്യം വാർത്താസമ്മേളനം പ്രഖ്യാപിച്ചെങ്കിലും പിന്നീട് മാറ്റി. .