India

ഇന്ത്യ-പാക് സംഘര്‍ഷം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ അടച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് വിമാനത്താവളങ്ങള്‍ അടച്ചത്. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെയാണ് അടച്ചിടുക.

അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മര്‍, ജാംനഗര്‍, ജോദ്പൂര്‍, കാണ്ട്‌ല, കാന്‍ഗ്ര, കേശോദ്, കിഷന്‍ഗഢ്, കുളു മണാലി, ലേഹ്, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട് സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്‍ലായ് വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദേശപ്രകാരം അടച്ചത്. മുംബൈ മേഖലയിലെ 25 എയര്‍ ട്രാഫിക് സര്‍വീസ് റൂട്ടുകളും അടച്ചിരിക്കുന്നതായി ഡിജിസിഎ അറിയിച്ചു. വിമാനത്താവളങ്ങൾ അടച്ചതും റൂട്ടുകൾ നിർത്തിയതും കണക്കിലെടുത്ത് റൂട്ടുകള്‍ പുനഃക്രമീകരിക്കാന്‍‌ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എയര്‍ ട്രാഫിക് കൺട്രോള്‍ യൂണിറ്റുകളുമായി സഹകരിച്ചാണ് സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന ശക്തമാണ്. യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണമെന്നും നിയന്ത്രണങ്ങളോടും നടപടികളോടും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.