India

ഇന്ത്യ-പാക് സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണം; ജി7 രാഷ്ട്രങ്ങള്‍

ഡൽഹി: ഇന്ത്യ-പാക് സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ. . ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്നും കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സംഘം ആവശ്യപ്പെട്ടു. കൂടുതല്‍ സൈനിക സംഘര്‍ഷങ്ങള്‍ പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഈ രാജ്യങ്ങളുടെ കൂട്ടായ്‌മ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഏപ്രില്‍ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ ജി7 രാജ്യങ്ങള്‍ അപലപിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നീ കരുത്തരുടെ സഖ്യമാണ് ജി7.

അതേസമയം, ജമ്മുവില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. 26 സ്ഥലങ്ങളില്‍ പാകിസ്താന്റെ ഡ്രോണുകള്‍ തകര്‍ത്തു. പാകിസ്താന്റെ മൂന്ന് വ്യോമത്താവളങ്ങളില്‍ സ്ഫോടനമുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നൂര്‍ഖാന്‍, റാഫിഖി, മുറിദ് വ്യോമത്താവളങ്ങളിലാണ് സ്ഫോടനമുണ്ടായത്. ആക്രമണം ഉണ്ടായതായി പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ നിര്‍ണായക വാര്‍ത്താസമ്മേളനം രാവിലെ 10 മണിക്ക്.