ശ്രീനഗര്‍: രജൗരിയിലുണ്ടായ ഷെല്ലാക്രമണത്തിൽ ജമ്മു സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണറായ രാജ്‍കുമാര്‍ ഥാപ്പയാണ് മരിച്ചത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇക്കാര്യം സ്ഥിരീകരിച്ചു. അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് കൊല്ലപ്പെട്ട രാജ്കുമാര്‍ താപ്പ. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പടെ തകര്‍ന്നു. ഇതിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ഷെല്ലാക്രമണത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അതേസമയം, അര്‍ധരാത്രിയിലും അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. 26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകളും തകര്‍ത്തു. ശ്രീനഗറിലും ജമ്മുവിലും ഇന്ത്യ -പാക് പോര്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തി. ശ്രീനഗറില്‍ മൂന്നാം തവണയും സ്ഫോടനങ്ങളുണ്ടായി. ജമ്മു, ഉറി, കുപ്വാര എന്നിവിടങ്ങളില്‍ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു.
ശ്രീനഗർ, ബാരാമുള്ള, സോപോർ, കുപ്‌വാര എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി. പഞ്ചാബ് അതിർത്തി മേഖലയിൽ കനത്ത ആക്രമണശ്രമമാണ് പാകിസ്താന്‍റെ ഭാഗത്തു നിന്നുണ്ടായത്. തകർന്ന ഡ്രോണുകളുടെ അവശിഷ്ടം വീണ് ഫിറോസ്പൂരിൽ മൂന്ന് പേർക്ക് പരിക്കേറ്റു.