ഡൽഹി: ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ‘ബുൻയാനു മർസൂസ്’ എന്നാണ് സൈനിക നീക്കത്തിനു പേരിട്ടിരിക്കുന്നത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിന്റെ അർഥം. ‘പാകിസ്താൻ ഓപ്പറേഷൻ ‘ബുന്യാൻ-ഉൽ-മർസൂസ്” ആരംഭിച്ചിരിക്കുന്നു’ എന്ന് റേഡിയോ പാകിസ്താൻ റിപ്പോർട്ട് ചെയ്തു എന്നാണ് ഇൻഡ്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
ശനിയാഴ്ച പുലർച്ചെ പാകിസ്താൻ ഇന്ത്യയിലേക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്ത് വിട്ടിരുന്നു. ഫാത്തേ 1 മിസൈലുകളും ആക്രമണത്തിനായി പാകിസ്താൻ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യൻ സൈനിക വൃത്തങ്ങൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കശ്മീർ അതിർത്തിയിൽ ഇന്ത്യ–പാക്ക് പോർവിമാനങ്ങൾ പരസ്പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരുന്ന പാക്കിസ്ഥാന്റെ സൈനിക ലോഞ്ച് പാഡുകൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നു.
ഏപ്രിൽ 22-ന് പഹൽഗാമിൽ വിനോദ സഞ്ചാരികൾ അടക്കം 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലേയും ഭീകരസംഘടനകളുടെ കേന്ദ്രങ്ങൾ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ വ്യാപകമായ ഡ്രോൺ, ഷെൽ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ ഗുരുദ്വാരകൾ, കോൺവെന്റുകൾ, ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖലകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പാകിസ്താൻ ആരംഭിച്ചത്.