Business

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ വരുമാനം 10,041 കോടി രൂപയായി

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം ഉയര്‍ന്ന് 10,040.76 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 7.6 ശതമാനം വര്‍ധിച്ച് 1,783.3 കോടി രൂപയായി. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 പൈസ വീതം ലാഭ വിഹിതം പ്രഖ്യാപിച്ചു.

കമ്പനിയുടെ നാലാം പാദത്തിലേയും 2025 സാമ്പത്തിക വര്‍ഷത്തേയും ഫലങ്ങള്‍ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. നാലാം പാദത്തിലെ ലാഭം നികുതി കിഴിച്ച് 414.3 കോടി രൂപയാണ്. മുന്‍ പാദത്തെയപേക്ഷിച്ച് 3.3 ശതമാനത്തിന്റെ ചെറിയ കുറവുണ്ട്. 2024 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ നികുതി കിഴിച്ച് 428.3 കോടി രൂപ ലാഭം നേടിയിരുന്നു. എന്നാല്‍ 2025 സാമ്പത്തിക വര്‍ഷം നികുതി കിഴിച്ചുള്ള ലാഭം 1,783.3 കോടി രൂപയായി ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഇത് 1,657.8 കോടി രൂപയായിരുന്നു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 2024 സാമ്പത്തിക വര്‍ഷം 8,848 കോടി രൂപയായിരുന്നത് 13.5 ശതമാനം വളര്‍ന്ന് 10,041 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം 2,360 കോടി രൂപയാണ്. 2024 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഈയിനത്തില്‍ വരുമാനം 2,348 കോടി രൂപയായിരുന്നു.

കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ നാലാം പാദത്തില്‍ 43,033.75 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 42,069.62 കോടി രൂപയേക്കാള്‍ 2.3 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഒഴികെ, കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 34,845 കോടി രൂപയുടേതാണ്.

സ്വര്‍ണ വായ്പയിലുണ്ടായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ പാദ അടിസ്ഥാനത്തില്‍ 1.9 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 15.4 ശതമാനവും വര്‍ധനവുണ്ടായി. സ്വര്‍ണ വായ്പ ഒഴികെയുള്ള ബിസിനസ് കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളുടെ 40.5 ശതമാനമാണ്. ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആസ്തി നാലാം പാദത്തില്‍ 18.2 ശതമാനം പാദ അടിസ്ഥാനത്തിലും, 31.1 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലും കുറഞ്ഞു.

നാലാം പാദത്തില്‍ കൈകാര്യം ചെയ്യുന്ന വാഹന വായ്പാ ആസ്തിയില്‍ 6.1 ശതമാനം പാദ അടിസ്ഥാനത്തില്‍ കുറവു രേഖപ്പെടുത്തിയെങ്കിലും വാര്‍ഷിക അടിസ്ഥാനത്തില്‍ 16.1 ശതമാനം വര്‍ധനവുണ്ട്. എംഎസ്എംഇ, അനുബന്ധ ബിസിനസ് ആസ്തികളില്‍(സെക്വേഡ്) 5.8 ശതമാനം പാദ അടിസ്ഥാനത്തിലും 22.9 ശതമാനം വാര്‍ഷിക അടിസ്ഥാനത്തിലും വളര്‍ച്ചയുണ്ടായി.

എന്നാല്‍ അണ്‍ സെക്വേഡ് വിഭാഗത്തില്‍ പാദ അടിസ്ഥാനത്തില്‍ 19.5 ശതമാനം കുറഞ്ഞു. ഈയിനത്തില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 10 ശതമാനവും കുറവുണ്ടായി. ഭവന വായ്പാ ആസ്തികള്‍ പാദ അടിസ്ഥാനത്തില്‍ 2.6 ശതമാനവും വാര്‍ഷിക അടിസ്ഥാനത്തില്‍ 20.8 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി തന്ത്രപരമായ ചില മാറ്റങ്ങള്‍ കൊണ്ടുവരികയും ശക്തമായ മുന്നറ്റം നടത്തുകയും ചെയ്തതായി മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു. കമ്പനിയുടെ നാലാം പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭത്തില്‍ 3.3 ശതമാനം പാദ അടിസ്ഥാനത്തിലുള്ള കുറവുണ്ടായെങ്കിലും മൊത്തം സാമ്പത്തിക നികുതി കിഴിച്ചുള്ള ലാഭത്തില്‍ 1783 കോടിയുടെ ഉയര്‍ന്നിട്ടുണ്ട്. ഇത് കമ്പനിയുടെ വൈവിധ്യമാര്‍ന്ന ആസ്തികളുടെ കരുത്തും ശേഷിയുമാണ് പ്രകടിപ്പിക്കുന്നത്.

പ്രധാന മേഖലകളായ സ്വര്‍ണ വായ്പയിലും സെക്വേഡ് എംഎസ്എംഇ ബിസിനസിലും നല്ല വളര്‍ച്ച കാഴ്ചവയ്ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. എന്നാല്‍ മൈക്രോ ഫിനാന്‍സ് മേഖലയിലും അണ്‍ സെക്വേഡ് വായ്പകളിലും കരുതലോടെയുള്ള മുന്നേറ്റം നടത്തുവാനും സാധിച്ചിട്ടുണ്ട്. കര്‍ശനമായ വിപണി നിയന്ത്രണ സാഹചര്യങ്ങളിലും ശക്തമായ സാമ്പത്തിക നില രൂപപ്പെടുത്തുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

ഇത് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യാന്‍ ഞങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ട്. വരും കാലങ്ങളില്‍ മികച്ച വളര്‍ച്ചയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ ലക്ഷ്യമാക്കുന്നുണ്ട്. ഇതിലൂടെ കമ്പനിയുടെ ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും മികച്ച നേട്ടം കൈവരിക്കാനാകുമെന്ന് വി.പി. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.