India

പല ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് സോഫിയ ഖുറേഷി; എല്ലാ ആക്രമണ ശ്രമങ്ങളെയും ഇന്ത്യൻ സൈന്യം നിർവീര്യമാക്കി

പാകിസ്ഥാന്റെ പ്രകോപനത്തെ ഇന്ത്യ നേരിടുകയും തിരിച്ചടിക്കുകയും ചെയ്തതായി കേന്ദ്ര സർക്കാർ. ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടിയെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ അറിയിച്ചു. നിയന്ത്രണ രേഖയിലും അതിർത്തി മേഖലയിലും പാകിസ്ഥാൻ വെടിവെപ്പ് നടത്തി. 26 ഇടങ്ങളാണ് ലക്ഷ്യമിട്ടതെന്ന് കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാന്റേത് പ്രകോപന നടപടികളാണെന്നും ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് പാക് പ്രകോപനം. ആറ് സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യ തിരിച്ചടിച്ചു. പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ശ്രീനഗർ, ഉദ്ധംപുർ, പഠാൻകോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. കൃത്യമായി അതിന് ഇന്ത്യ തിരിച്ചടി നൽകിയെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതിവേഗ മിസൈലുകൾ ഇന്ത്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടു. പുലർച്ചെ 1.40നാണ് പാകിസ്ഥാൻ അതിവേഗ മിസൈൽ ഉപയോഗിച്ചത്. സാധാരണ ജനജീവിതം തകർക്കാൻ പാകിസ്ഥാൻ ശ്രമിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തിരിച്ചടിക്കായി ഇന്ത്യ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു. പാകിസ്ഥാന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യ നിർവീര്യമാക്കി. പഞ്ചാബിലെ എയർബസുകൾ കേന്ദ്രീകരിച്ച് അതിവേഗ മിസൈലുകൾ പാകിസ്ഥാൻ പ്രയോഗിച്ചെന്നും ശ്രീ നഗറിലെ ആരാധനാലയങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ച് ആക്രമണം നടത്തിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിർസി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും ഉണ്ടായിരുന്നു.