ആണവായുധം കയ്യിലുള്ള രണ്ട് പ്രധാന രാജ്യങ്ങള്‍ തമ്മിൽ സംഘർഷത്തിലേർപ്പെടുന്നത് ലോകത്തെ ആകമാനം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് സംഘര്‍ഷം അവസാനിപ്പിക്കണമെന്നാണ് ലോകരാജ്യങ്ങള്‍ ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇതിന്‍റെ ഭാഗമായി വിവിധ തലങ്ങളില്‍ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് വാർത്ത ഏജൻസികൾവ്യക്തമാക്കുന്നു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയോടും പാകിസ്ഥാനോടും ഫോണില്‍ സംസാരിച്ചിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഫോണില്‍ സംസാരിച്ചിരുന്നു. സംഘര്‍ഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമവും ചെറുക്കുമെന്നായിരുന്നു അതിന് ശേഷം ജയശങ്കര്‍ പറഞ്ഞത്. സംഘര്‍ഷങ്ങളുടെ തീവ്രത കുറയ്ക്കണമെന്ന് പാകസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോടും മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടിരുന്നു. ഭീകരസംഘങ്ങള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഷഹ്‌ബാസ് ഷെരീഫുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ റൂബിയോ ആവര്‍ത്തിച്ചതായാണ് എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഇന്ത്യ പാക് സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടില്ലെന്ന് വ്യക്തമാക്കി വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സ് രംഗത്തെത്തി. രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അടിസ്ഥാനപരമായി തങ്ങള്‍ക്ക് കാര്യമില്ലെന്നാണ് വാന്‍സിന്‍റെ നിലപാട്. സംഘര്‍ഷം ലഘൂകരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും എന്നാല്‍ ഇരുപക്ഷത്തെയും ആയുധം താഴെ വയ്ക്കാന്‍ നിര്‍ബന്ധിക്കില്ലെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞു. അതേസമയം നയതന്ത്ര മാര്‍ഗങ്ങളിലൂടെ അമേരിക്ക മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ സംഘര്‍ഷങ്ങളില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്നതാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിദേശ നയം. അതേ നിലപാടാണ് വാന്‍സും പങ്ക് വച്ചിരിക്കുന്നത്. റഷ്യ-യുക്രെയ്‌ന്‍ സംഘര്‍ഷത്തിലും സമാന നിലപാടാണ് അമേരിക്ക കൈക്കൊണ്ടത്.
അതിനിടെ ഇരുരാജ്യങ്ങളിലെയും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏറ്റവും സുരക്ഷിതരായി തുടരണമെന്നാണ് നിര്‍ദ്ദേശം. ഒപ്പം ജമ്മുകശ്‌മീര്‍ അടക്കമുള്ള മേഖലകളിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയോടും പാകിസ്ഥാനോടും സമാധാനത്തിന് ആഹ്വാനം ചെയ്‌ത ചൈന ആവശ്യമെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് ക്രിയാത്‌മക പങ്ക് വഹിക്കാന്‍ സന്നദ്ധമാണെന്നും വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്‌താവന പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സൂക്ഷ്‌മമായി പരിശോധിച്ച് വരികയാണെന്നും പ്രശ്‌നങ്ങള്‍ രാഷ്‌ട്രീയ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാകുകയുള്ളൂവെന്നും ചൈന പുറത്ത് വിട്ട പ്രസ്‌താവനയില്‍ പറയുന്നു.
സൗദി അറേബ്യയും പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്‌ദാനം മുന്നോട്ട് വച്ചിട്ടുണ്ട്. മറ്റ് ചില രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങള്‍ അണിയറയില്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ ചൈനയും തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്ന ചൈനീസ് പൗരന്‍മാര്‍ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും ചൈനീസ് എംബസികള്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു. നിലവില്‍ ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന ചൈനീസ് പൗരന്‍മാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ചൈന വ്യക്തമാക്കി.
നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ജമ്മു കശ്‌മീര്‍ അടക്കം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, തുടങ്ങിയ രാജ്യങ്ങളും അവരവരുടെ പൗരന്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.