കൊച്ചി: ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനമായതായി സര്‍വ്വേ. ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഗവേഷണ സ്ഥാപനമായ കാന്ററുമായി സഹകരിച്ച് നടത്തിയ ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സര്‍വേയുടെ ഏഴാം പതിപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ‘ഭറോസ ടോക്‌സ്’ എന്ന സംരംഭത്തിന്റെ ഭാഗമായ ഈ സര്‍വേയില്‍ രാജ്യത്തെ 25 നഗരങ്ങളിലായി 6,360 ആളുകള്‍ പങ്കെടുത്തു.
കൂടുതല്‍ ആളുകള്‍ ടേം ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെയും വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ സ്വാധീനത്തിന്റെയും ഫലമായി സംരക്ഷണ മാനം (Protection Quotient) എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 48-ല്‍ എത്തി. ടേം ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം 74 ശതമാനം ആയി വളരുകയും ഇതുള്ളവരുടെ എണ്ണം 34 ശതമാനം ആയി ഉയരുകയും ചെയ്തുവെന്ന് സര്‍വേയില്‍ പറയുന്നു. പ്രതികരിച്ചവരില്‍ 22 ശതമാനം പേര്‍ ടേം ഇന്‍ഷുറന്‍സ് ഓണ്‍ലൈനായാണ് എടുത്തത്.
നേരത്തെ ഇത് 18 ശതമാനം ആയിരുന്നു. തൊഴില്‍ ചെയ്യുന്ന പുരുഷന്മാരിലെ ഐപിക്യു 47ല്‍ നിന്നും 50 ആയി ഉയര്‍ന്നപ്പോള്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ ഇത് മാറ്റമില്ലാതെ 48 ആയി തുടരുന്നു. ജോലിയില്‍ നിന്നും വിരമിക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ പ്രധാന ജീവിത ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷ കുറവാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തു.
പ്രീമിയം ചിലവിനേക്കാള്‍ ആളുകള്‍ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുന്നു എന്ന് സര്‍വേ സൂചിപ്പിക്കുന്നുവെന്ന് ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു.