തിരുവനന്തപുരം: മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ ഉള്‍പ്പടെ മെഡിക്കല്‍ ഉപകരണങ്ങള്‍ മാലിദീപില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും മാലിദ്വീപ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ട്രേഡിംഗ് ഓര്‍ഗനൈസേഷന്‍ പിഎല്‍സിയും (എസ്ടിഒ) തമ്മില്‍ കരാറിലെത്തി.
പ്രധാനമന്ത്രിയുടെ ജന്‍ഔഷധി പദ്ധതിയുടെ ഭാഗമായി നടത്തിയ ഉടമ്പടി പ്രകാരം, എച്ച് എല്‍ എല്ലിന്റെ നേതൃത്വത്തില്‍ മാലിദ്വീപിന്റെ എല്ലാ ഭാഗങ്ങളിലേക്കും അവശ്യ മരുന്നുകളുടെ വിതരണം ഉറപ്പാക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊതുജനാരോഗ്യ രംഗത്ത് വെല്ലുവിളികള്‍ നേരിടുന്ന മാലിദ്വീപിന് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം.
രോഗീ പരിചരണത്തിലും അവശ്യ മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതിലും നേരിട്ട തടസങ്ങള്‍ മാലിദീപ് ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആസന്ധ’യ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. എച്ച് എല്‍ എല്ലുമായുള്ള പരസ്പര സഹകരണത്തോടെ, മരുന്നുകളും മറ്റ് മെഡിക്കല്‍ സേവനങ്ങളും ദീര്‍ഘകാലത്തേക്ക്, സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഗുണമേന്മയുള്ള 2000ലധികം ജനറിക് മരുന്നുകള്‍ക്കുപുറമെ 300ഓളം ശസ്ത്രക്രിയ ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക. കോവിഡ് കാലത്ത് എച്ച് എല്‍ എല്ലിന്റെ നേതൃത്വത്തില്‍ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും മാലിദീപിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മരുന്ന് വിതരണ ശൃംഖലയായ ജന്‍ഔഷധിയുടെ സേവനങ്ങളെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാലിദ്വീപ് നേരിടുന്ന മരുന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനും പരസ്പര സഹകരണത്തിലൂടെ സാധിക്കും.