തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ലോക്കറില്‍ നിന്നും 13 പവന്‍ സ്വര്‍ണ്ണം കുറവാണെന്നു കണ്ടെത്തി. സ്ഥിരമായി നടത്തുന്ന ഓഡിറ്റിലാണ് സ്വര്‍ണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 13.5 പവന്‍ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഫോര്‍ട്ട് പോലീസ് അന്വേഷമം ആരംഭിച്ചിട്ടുണ്ട്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണത്തില്‍ എങ്ങനെ കുറവു സംഭവിച്ചു എന്നുള്ളതിന് കൃത്യമായ അറിവ് ആര്‍ക്കുമില്ല.
എന്നാല്‍, സ്വര്‍മ്ണത്തിന്റെ ഓഡിറ്റിംഗില്‍ വന്ന പിശകായിരിക്കാമെന്നും കരുതുന്നുണ്ട്. പോലീസ് എത്തി കൂടുതല്‍ പരിശോധനകളും ചോദ്യം ചെയ്യലുകളും നടത്തുന്നുണ്ട്. ലക്ഷംകോടി സ്വത്തിന്റെ ഉടമയായ അനന്ത പദ്മനാഭന്റെ സ്വര്‍ണ്ണം കാണാതാകുന്നതു തന്നെ വലിയ വാര്‍ത്തയാണ്. ക്ഷേത്രത്തിലെ നിലവറകളില്‍ എണ്ണിത്തീര്‍ക്കാനാവാത്ത സ്വത്തുക്കളുണ്ട്. ചരിത്രവും തിരുവനന്തപുരത്തുകാരുടെ
നാഥനുമായ ശ്രീ പദ്മനാഭന്റെ സ്വര്‍ണ്ണം കാണാതായത് എങ്ങനെയാണെന്ന് കണ്ടെത്തിയേ മതിയാകൂ. കാരണം, അത് ഈ നാടിന്റെ സ്വത്തു കൂടിയാണ്. അതീവ സുരക്ഷ മേഖല കൂടിയാണ് പദ്മനാഭ സ്വാമി ക്ഷേത്രം. മാത്രമല്ല, തോക്കു ധാരികളായ സ്ഥിരം കാവല്‍ക്കാരമുണ്ട്. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലും, പുറത്തുമെലസ്ലാം സി.സി.ടി.വി ക്യാമറകളുമുണ്ട്. എന്നിട്ടും, ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണം കാണാതായത് ജീവനക്കാര്‍ക്ക് അറിവില്ലാത്ത കാര്യമാണോ എന്നതാണ് സംശയം.
-
അനന്ത ശയനത്തില്‍ ശ്രീ പദ്മനാഭന്‍
അനന്തശായിയായ മഹാവിഷ്ണുവാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. തമിഴ്‌നാട്ടിലുള്ള പല ക്ഷേത്രങ്ങളോടും കിടപിടിയ്ക്കുന്ന ശില്‍പചാരുതയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഖ്യാകര്‍ഷണം. തമിഴ് ശൈലിയില്‍ നിര്‍മ്മിച്ച ഏഴുനിലകളോടുകൂടിയ കിഴക്കേഗോപുരം ക്ഷേത്രത്തിന്റെ മാത്രമല്ല തിരുവനന്തപുരം നഗരത്തിന്റെതന്നെ ഒരു മുഖമുദ്രയാണ്. ക്ഷേത്രഗോപുരത്തില്‍ കരിങ്കല്ലില്‍ തീര്‍ത്ത
ശില്പങ്ങളും ക്ഷേത്രത്തിന്റെ മാറ്റുകൂട്ടുന്നു. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകള്‍ ഇവിടുത്തെ ശീവേലിപ്പുരയും ഒറ്റക്കല്‍മണ്ഡപവുമാണ്. ശീവേലിപ്പുരയില്‍ 365 കരിങ്കല്‍ത്തൂണുകളുണ്ട്. ഓരോ തൂണും ഒറ്റക്കല്‍കൊണ്ടുണ്ടാക്കിയതാണ്. 4000 ആശാരിമാരും 6000 തൊഴിലാളികളും 100 ആനകളും ചേര്‍ന്ന് ആറുമാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയതെന്നത് വിസ്മയിപ്പിക്കുന്ന ചരിത്രമാണ്. ഈജിപ്തിലെ ഫറവോമാരുടെ
ശവകുടീരങ്ങളായ പിരമിഡുകളിലും മാന്ത്രിക കഥകളിലുമൊക്കെ കുന്നുകൂടിക്കിടക്കുന്ന സ്വര്‍ണ നാണയങ്ങളുടേയും രത്നശേഖരത്തിന്റെയും കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ടാകും. കേട്ട പഴംങ്കഥകളുടെ യാഥാര്‍ത്ഥ്യമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം.
-
അമൂല്യ നിധിയുടെ അദ്ഭുത കലവറ
ക്ഷേത്രത്തിനുള്ളിലെ ആറ് നിലവറകളിലായി ആയിരക്കണക്കിന് കോടി വിലവരുന്ന അമൂല്യനിധിശേഖരമുണ്ട്. രാജാക്കന്മാരുടെ കാലത്ത് കാണിക്കയായും മറ്റും സമര്‍പ്പിക്കപ്പെട്ട സ്വര്‍ണവും രത്നവുമൊക്കെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്നത്. 2011ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഒന്നൊഴികെയുള്ള അറ തുറക്കുകയുണ്ടായി. 750 കിലോ സ്വര്‍ണനാണയങ്ങള്‍, ആയിരക്കണക്കിന് സ്വര്‍ണമാലകള്‍,
ആയിരക്കണക്കിന് അമൂല്യ രത്നങ്ങള്‍, രത്നങ്ങള്‍ പതിപ്പിച്ച കിരീടം, രത്നം പൊതിഞ്ഞ ചതുര്‍ബാഹു അങ്കി, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വര്‍ണ കലശക്കുടങ്ങള്‍, സ്വര്‍ണ മണികള്‍, ഇവ കൂടാതെ 42,000 വിശുദ്ധ വസ്തുക്കള്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും രത്നങ്ങളും അടങ്ങുന്ന നിധിശേഖരമാണ് കണ്ടെത്തിയത്. ഏറ്റവും പ്രധാനപ്പെട്ട അറയാണ് ബി നിലവറ. മറ്റ് അറകളില്‍ ഉള്ളതിനേക്കാള്‍ അമൂല്യമായ നിധിയാണ് ബി നിലവറയില്‍ ഒളിഞ്ഞിരിക്കുന്നു എന്നാണ് സൂചന. ബി നിലവറയുടെ അമൂല്യനിധിക്ക് കാവല്‍ക്കാരായി
നാഗങ്ങളുടെ ചൈതന്യമുണ്ടെന്നും ഈ നിലവറ തുറക്കാന്‍ പാടില്ലയെന്നുമാണ് തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നത്. ബി നിലവറ തുറക്കാന്‍ പാടില്ലെന്നാണ് വിശ്വാസമെങ്കിലും അതിനു മുന്നില്‍ അതിലേയ്ക്ക് നയിക്കുന്ന ഒരറയുണ്ട്. ഈ അറയില്‍ വെള്ളിക്കട്ടികള്‍, വെള്ളികുടങ്ങള്‍ ഉള്‍പ്പെടെ പല അമൂല്യ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. 1931 ല്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കല്‍പ്പന അനുസരിച്ച് ഈ അറ തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
CONTENT HIGH LIGHTS; Gold missing from Sree Padmanabha Swamy temple?: The gold that was in the locker was missing; Police have started investigation; What is happening in the high security zone?; Sree Padmanabha is the owner of property worth lakhs of crores