ഇന്ത്യ-പാക് സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗം അവസാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി (സിഡിഎസ്), കര -വ്യോമ-നാവികസേനാ മേധാവികള്‍ എന്നിവരും പങ്കെടുത്തു. പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് പ്രകോപനം നേരിടാൻ സജ്ജമെന്നും ഇന്ത്യൻ സേന അറിയിച്ചു.
അതേസമയം പാക് പ്രകോപനം തുടരുന്ന സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷ സാഹചര്യത്തിൽ ഡൽഹിയിൽ മുഴുവൻ ആശുപത്രികളും സജ്ജമാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി രേഖ ശർമ്മ വ്യക്തമാക്കുകയും ചെയ്തു.