എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വെള്ളാർമല ജിവിഎച്ച്എസ്എസിലെ കുട്ടികള്‍ക്ക് ആശംസകളുമായി എംപി പ്രിയങ്ക ഗാന്ധി. ഫേസ്ബുക്കിലൂടെയാണ് പ്രിയങ്കഗാന്ധി പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സമയത്ത് മുത്തശ്ശിയെ രക്ഷിച്ച കൊച്ചുമിടുക്കന്‍ ഹാനിക്ക് പ്രത്യേക അഭിനന്ദനവും പ്രിയങ്ക അറിയിച്ചു. ഹാനി പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയമാണ് നേടിയതെന്ന് പ്രിയങ്ക പോസ്റ്റില്‍ അറിയിച്ചു.
ഈ വിജയം നമുക്ക് പ്രചോദനം നൽകുന്നതാണ്. ഇത്തവണ വിജയിക്കാൻ കഴിയാതെ പോയ കുട്ടികള്‍ ഇതൊരു അവസാനമെന്ന് കരുതരുത്. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നും പ്രിയങ്ക കുറിച്ചു.
അതേസമയം വയനാടിലെ വെള്ളാര്‍മല വിഎച്ച്എസ്എസിലെ പരീക്ഷ എഴുതിയ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഫലപ്രഖ്യാപനം കഴിഞ്ഞ ശേഷം വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.