ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേര്‍ന്നു. വൈകിട്ട് അഞ്ച് മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി സ്ഥിരീകരിച്ചു. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് എക്സിൽ കുറിച്ചു. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം പ്രതികരിച്ചിട്ടില്ല. വൈകിട്ട് ആറിന് കേന്ദ്ര സർക്കാരിൻ്റെ വാർത്താസമ്മേളനം നടക്കും. അതിനിടെ പാക് ഉപപ്രധാനമന്ത്രിയും വെടിനിർത്തൽ സ്ഥിരീകരിക്കുന്നുണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രഖ്യാപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇതിനായി കഴിഞ്ഞ രണ്ട് ദിവസമായി ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായും റൂബിയോ പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഫോണിൽ സംസാരിച്ചിരുന്നു. പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറുമായും റൂബിയോ സംസാരിച്ചുവെന്നാണ് വിവരം. ഇന്ന് രാവിലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി സംഭാഷണം നടന്നതായി എസ്. ജയശങ്കർ എക്സ് പോസ്റ്റിൽ പറഞ്ഞു. ഇന്ത്യയുടെ സമീപനം എപ്പോഴും ഉത്തരവാദിത്തമുള്ളതാണെന്നും അത് അങ്ങനെതന്നെയാണ് തുടരുന്നതെന്നും ജയശങ്കർ പറഞ്ഞു.
തെറ്റായ കണക്കുകൂട്ടലുകൾ ഒഴിവാക്കാനും സംഘർഷം ലഘൂകരിക്കാനും ആശയവിനിമയം പുനഃസ്ഥാപിക്കാനുമുള്ള മാർഗ്ഗങ്ങൾ ഇരുരാജ്യങ്ങളും തിരിച്ചറിയേണ്ടതുണ്ടെന്ന് റൂബിയോ ഊന്നിപ്പറഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. ഭാവിയിലെ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി അമേരിക്കയുടെ സഹായം മാർകോ റൂബിയോ വാഗ്ദാനം ചെയ്തതായി, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.