World

രണ്ട് ആണവരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ആശങ്കയിലാക്കിയത് ലോക രാജ്യങ്ങളെ; കാർമേഘം ഒഴിഞ്ഞ ആശ്വാസത്തിൽ ലോകം

ആശങ്കയിലായിരുന്നു ലോകം. രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള ഉരസിൽ മാത്രമായിരുന്നില്ല ഇന്ത്യ പാക്ക് സംഘർഷം.. വലിയ ആണവായുധ ശേഖരമുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ ഏറ്റ്മുട്ടിയാലുണ്ടാകുന്ന വിപത്ത് ചെറുതല്ല. ഇന്ത്യ പൊരുതിയത് ഭീകരതയ്ക്കെതിരെ ആയിരുന്നെങ്കിലും പാക്കിസ്ഥാൻ അത് അഭിമാന പ്രശ്നമായാണ് കണ്ടത്. മെയ് 9 ന് നടന്ന ഓപ്പറേഷൻ സിന്ദൂരിന് ശേഷം നില വഷളായത് വളെര പെട്ടെന്നാണ്. ഡ്രോണുകളും മിസൈലുകളും കൊണ്ട് ഒരു വ്യോമയുദ്ധം തന്നെ നടന്നു.

എന്നാൽ കാർമേഘങ്ങൾ ഒഴിഞ്ഞിരിക്കുകയാണ്. അമേരിക്കയുടെ ഇടപെടലിലൂടെ ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ കരാറിൽ എത്തിചേർന്നു. ഇത് ഒരു ആശ്വാസ വാർത്തയായാണ് ലോകം കാണുന്നത്. മോദിക്കും പാക് പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പങ്ക് വെച്ച പോസ്റ്റിൽ വ്യക്തം.

കഴിഞ്ഞ 48 മണിക്കൂര്‍ വൈസ് പ്രസിഡന്‍റ് വാന്‍സും താനും ഇന്ത്യയുടേയും പാക്കിസ്ഥാന്‍റേയും മുതിര്‍ന്ന നേതാക്കളുമായി നിരന്തര ചര്‍ച്ചകളിലായിരുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ എക്‌സ് പോസ്റ്റ് റീപോസ്റ്റ് ചെയ്‌തുകൊണ്ടായിരുന്നു റൂബിയോയുടെ പ്രതികരണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ്, വിദേശ കാര്യ മന്ത്രി ജയശങ്കര്‍, പാക്കിസ്ഥാന്‍ സൈനിക മേധാവി ആസിഫ് മുനീര്‍, ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അസിം മാലിക്ക് എന്നിവരുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിനുപിന്നാലെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും നന്ദി അറിയിക്കുന്നതായും റൂബിയോ പറഞ്ഞു.

ഏതായലും റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചതാണ് നിർണായകമായത്. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്നാണ് ട്രംപ് എക്സിൽ കുറിച്ചത്.ഇന്ത്യാ – പാക് സംഘർഷം ലഘൂകരിക്കാൻ അന്താരാഷ്ട്ര ഇടപെടൽ സജീവമായിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും വിദേശകാര്യ മന്ത്രിമാരുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചതിന് പുറമെ സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സമവായ നീക്കവുമായി സൗദിയും രംഗത്ത് വന്നിരുന്നു. ഇരുരാജ്യങ്ങളും സമാധനത്തിനായി ശ്രമിക്കണമെന്ന് ചൈനയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.