Tech

30,000 രൂപയ്ക്കൊരു അത്യു​ഗ്രൻ ഫോൺ; പോക്കോയുടെ എഫ്7 മോഡലുകൾ വരുന്നു | POCO F7

എഫ്7 അള്‍ട്രയ്ക്കൊപ്പം പോക്കോ എഫ്7 ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

പോക്കോയുടെ എഫ്7 ആഴ്ചകള്‍ക്കകം ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ പോക്കോ എഫ്7 അള്‍ട്രാ, പോക്കോ എഫ്7 പ്രോ മോഡലുകള്‍ വിപണികളില്‍ അവതരിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം ചൈനയില്‍ ലോഞ്ച് ചെയ്ത റെഡ്മി ടര്‍ബോ 4 പ്രോയുടെ റീബ്രാന്‍ഡായിരിക്കും പോക്കോ എഫ്7 എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എഫ്7 അള്‍ട്രയ്ക്കൊപ്പം പോക്കോ എഫ്7 ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിസ്‌പ്ലേ

എഫ്7ന് 6.83 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. 120Hz റിഫ്രഷ് റേറ്റ്, 480Hz വരെ ടച്ച് സാമ്പിളിങ് റേറ്റ്, 3,200 nits പീക്ക് ബ്രൈറ്റ്‌നസ്, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i, 3,840Hz PWM ഡിമ്മിംഗ് എന്നി ഫീച്ചറുകളോടു കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.

കാമറ 

OIS സഹിതമുള്ള 50MP സോണി LYT600 പ്രൈമറി കാമറയും 8MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും ഫോണില്‍ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 20MP ഷൂട്ടര്‍ ഉണ്ടായിരിക്കാം.

പ്രോസസ്സര്‍

അഡ്രിനോ ജിപിയുവുമായി ഇണക്കിചേര്‍ത്ത ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8s Gen 4 ചിപ്സെറ്റ് ആയിരിക്കാം ഫോണിന് കരുത്തുപകരുക.

ബാറ്ററി

90W ഫാസ്റ്റ് ചാര്‍ജിങ്ങും 22.5W വയര്‍ഡ് റിവേഴ്സ് ഫാസ്റ്റ് ചാര്‍ജിങ്ങും ഉള്ള 7,550mAh ബാറ്ററി ഇതിന് ലഭിക്കും.

Content highlight: POCO F7