india

സംഘർഷം ഒഴിവായെങ്കിലും നയതന്ത്ര നിയന്ത്രണം തുടരും?? നദീജല കരാർ മരവിപ്പിച്ചതിലടക്കം പാകിസ്ഥാനോടുള്ള സമീപനത്തിൽ മാറ്റമില്ല

ദിവസങ്ങളായി നീണ്ട് നിന്ന ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിന് അയവ് വന്നിരിക്കുകയാണ്. പക്ഷെ പഹൽ​ഗാം സംഭവത്തിന് ശേഷം ഇന്ത്യ പാക്കിസ്ഥാനെതിരെ ഇന്ത്യയെടുത്ത നയതന്ത്ര നടപടിയിൽ മാറ്റമുണ്ടായേക്കില്ല.സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകൾ ഇന്ത്യ തുടരും. ഭീകരവാദത്തോട് കർശന നിലപാട് സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാകിസ്ഥാന്‍റെ ഡിജിഎംഒ ഇന്ത്യയെ വിളിക്കുകയും വെടിനിര്‍ത്തൽ കരാറിന് തയ്യാറാണ് എന്നറിയിക്കുകയും ചെയ്ത് സാഹചര്യത്തിലാണ് ഇന്ത്യ ഇക്കാര്യം സമ്മതിച്ചത്.

അതേസമയം പാകിസ്ഥാന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരതക്കെതിരായുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമുണ്ടാകില്ല. പാകിസ്ഥാന്‍റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു കൊണ്ട് ഇന്ത്യ കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയത്. നേരത്തെ നയതന്ത്രതലത്തിൽ ഇന്ത്യ കൈക്കൊണ്ടിരുന്ന തീരുമാനങ്ങൾ തത്ക്കാലം മാറ്റാൻ ഇന്ത്യ തയ്യാറല്ല എന്ന വിവരമാണ് പുറത്തുവരുന്നത്.
സിന്ധു നദീജല കരാര്‍ മരവിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിൽ മാറ്റം വരുത്തില്ല. അതുപോലെ തന്നെ കര്‍താര്‍പൂര്‍ ഇടനാഴി തത്ക്കാലം തുറക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. വെടിനിര്‍ത്തൽ കരാറിന് ഇന്ത്യ ആരുടെയും സഹായം തേടിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അമേരിക്കയെ ഇന്ത്യ വിളിച്ച് ഇതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടില്ല. ഇന്ത്യ-പാക് സംഘര്‍ഷത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Latest News