തിരുവനന്തപുരം: 2025ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മേയ് 27ന് കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയും അധികൃതർ കണക്കാക്കുന്നുണ്ട്. ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും. കഴിഞ്ഞ വർഷം മെയ് 31 നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിലെ വിവിധ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ഉയർന്നതാപനില മുന്നറിയിപ്പും പുറപ്പെടുവിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.