ഡൽഹി: വെടിനിർത്തൽ ധാരണ നിലവിൽ വന്ന് മണിക്കൂറുകൾക്കകം ഇന്ത്യാ-പാക് അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാകിസ്താന്റെ പ്രകോപനം. വിവിധ ഇടങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഇന്ത്യ തകർത്തു. പാക് ഡ്രോൺ ആക്രമണത്തിൽ ഒരു സൈനികന് വീര്യമൃത്യു. ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുന്നതിനിടെയാണ് സൈനികന് ജീവൻ നഷ്ടമായത്.
ജമ്മു കശ്മീരിലെ അഖ്നൂരിലും രജൌരിയിലും ആർ എസ് പുരയിലും കനത്ത ഷെല്ലാക്രമണമുണ്ടായി. നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമുണ്ടായി. നഗ്രോത്തയിലെ സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പിൽ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചു. അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആശയവിനിമയം നടത്തി. പഞ്ചാബിലെ അമൃത്സറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നുഴഞ്ഞുകയറിയ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി.
അമൃത്സറിൽ വീണ്ടും സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ജാഗ്രതയുടെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിയന്ത്രണ രേഖയിലും പാക് പ്രകോപനം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇരു രാജ്യങ്ങളുടേയും സൈനിക തലത്തിലെ തുടർ ചർച്ചകൾ നാളെ നടക്കും. വെടിനിർത്തൽ ധാരണ നിലവിൽ വന്നെങ്കിലും പാകിസ്താനെതിരായ നടപടികളിൽ നിന്ന് ഇന്ത്യ തത്കാലം പിന്നാട്ടില്ല. സിന്ധുനദീജല കരാർ മരവിപ്പിച്ച നടപടി തുടരും. കർത്താർപൂർ ഇടനാഴിയും തുറക്കില്ല.