India

പാക് ഡ്രോൺ ആക്രമണം: ഉദ്ധംപൂരില്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: വെടിനിർത്തൽ ധാരണ നിലവിൽ വന്ന് മണിക്കൂറുകൾക്കകം ലംഘിച്ച് പാകിസ്താൻ. പാക് ഡ്രോൺ ആക്രമണത്തിൽ ഒരു സൈനികന് വീര്യമൃത്യു. ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുന്നതിനിടെയാണ് സൈനികന് ജീവൻ നഷ്ടമായത്. രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് കൊല്ലപ്പെട്ടത്.

ഉദ്ധംപൂരിലെ വ്യോമതാവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ തലയിലേക്ക് ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം ഡ്രോണ്‍ ആകാശത്തു വച്ച് തന്നെ തകർത്തെങ്കിലും അവശിഷ്ടങ്ങൾ സൈനികന്റെ ശരീരത്തിലേക്ക് പതിച്ചു. ഗുരുതരമായി പരുക്കേറ്റ സൈനികൻ പിന്നീട് മരിക്കുകയായിരുന്നു.

14 വര്‍ഷത്തിലേറെയായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നു. സുരേന്ദ്ര സിങ്ങിന് രണ്ട് മാസം മുന്‍പാണ് ഉദ്ധംപൂരിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. സംഭവത്തില്‍ രാജസ്ഥാൻ മുഖ്യമന്ത്രി ഭജന്‍ ലാൽ ശർമ്മ അനുശോചിച്ചു. സൈനികന്റെ മൃതദേഹം ഞായറാഴ്ച വൈകിട്ട് ജന്മ നാട്ടിലെത്തിക്കും.