ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി നിരോധിച്ച് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നടപടി. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) വിചാരണ പൂർത്തിയാകുന്നതുവരെ അവാമി ലീഗിന്റെ നിരോധനം തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങുമെന്നും ബംഗ്ലാദേശ് സർക്കാർ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീഗിനെ നിരോധിച്ചെതെന്ന് മുഹമ്മദ് യൂനുസ് നയിക്കുന്ന ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ വ്യക്തമാക്കി. അവാമി ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്, ഈയിടെ രൂപവത്കരിച്ച നാഷനൽ സിറ്റിസൺ പാർട്ടി (എൻ.സി.പി)യുടെ നേതൃത്വത്തിൽ യൂനിസിന്റെ ഔദ്യോഗിക വസതിയായ ജമുനയിലേക്ക് നടത്തിയതിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം. ശൈഖ് ഹസീന സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭം നയിച്ച വിദ്യാർഥികളുടെ നേതൃത്വത്തിലാണ് എൻ.സി.പി രൂപവത്കരിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് മുഹമ്മദ് യൂനുസിന്റെ ഓഫീസ് അറിയിച്ചു.
2024 ജൂലൈയിൽ ഉണ്ടായ ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിട്ടത്. ഐക്യരാഷ്ടസഭയുടെ കണക്കുകൾ അനുസരിച്ച് പ്രക്ഷോഭം അടിച്ചമർത്താനുള്ള ഹസീന സർക്കാരിന്റെ ക്രൂര നടപടികളിൽ 1400 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയകക്ഷിയായ അവാമി ലീഗിന്റെ അധ്യക്ഷ കൂടിയായ ശൈഖ് ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. ഹസീനയുടെ ഭരണകാലത്തും അതുമായി ബന്ധപ്പെട്ടും ഉണ്ടായ സംഭവങ്ങളെ ട്രൈബ്യൂണൽ വിശദമായി പരിശോധിക്കും.