തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ച സ്വർണത്തിന്റെ അളവിൽ കുറവ് വന്ന സംഭവത്തിൽ സ്ട്രോങ്ങ് റൂമിൽ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്. റൂമിനുള്ളിൽ സിസിടിവി ക്യാമറകളില്ലെന്നും, സുരക്ഷാ ജീവനക്കാരുടെ സേവനം പോലും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ട്രോങ്ങ് റൂമിന്റെ ഓടുകൾ പഴകിയ നിലയിലെന്നും പൊലീസ് കണ്ടെത്തൽ. കരാറുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തൽ തുടരുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച ആണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാൻ വച്ചിരുന്ന 13.5 പവൻ സ്വർണം മോഷണം പോയത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ ദിവസം നടത്തിയ ഓഡിറ്റിങ്ങിൽ ക്രമക്കേട് കണ്ടെത്തിയതോടെ പരാതി പോലീസിൽ നൽകുകയായിരുന്നു. മോഷണം നടന്നതിന്റെ സൂചനകളില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഭക്തർ വഴിപാടായി നൽകുന്ന സ്വർണമാണ് ലോക്കറിൽ സൂക്ഷിക്കുന്നത്.