ഇന്ത്യയുമായി സമാധാന കരാറിലെത്തി മണിക്കൂറുകൾക്കുള്ളിൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന ആരോപണത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. പാകിസ്ഥാൻ്റെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ഒരു ഹിന്ദി ഈരടി അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
പാകിസ്ഥാൻ്റെ ഈ നടപടിയെ വിമർശിച്ചുകൊണ്ടാണ് ശശി തരൂർ എക്‌സിൽ രാത്രി വൈകി ഒരു പോസ്റ്റ് ചെയ്തത്. അദ്ദേഹം ഒരു ഹിന്ദി ഈരടി പങ്കുവെക്കുകയായിരുന്നു. ‘ഉസ്‌കി ഫിത്രത് ഹായ് മുഖർ ജാനേ കി, ഉസ്‌കെ വാഡെ പെ യാക്കീൻ കൈസെ കരു.’
ഇതിൻ്റെ അർത്ഥം അദ്ദേഹം തന്നെ വിശദീകരിച്ചു: ‘വാക്കിൽ നിന്ന് പിന്മാറുക എന്നത് അവരുടെ സ്വഭാവമാണ്, അവരുടെ വാഗ്ദാനങ്ങളിൽ എനിക്ക് എങ്ങനെ വിശ്വാസമുണ്ടാകും?’. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ശശി തരൂർ ‘സമാധാനം അനിവാര്യമാണ്’ എന്ന് അഭിപ്രായപ്പെട്ടിരുന്നു.
നാല് ദിവസത്തോളം നീണ്ട തീവ്രമായ സൈനിക കൈമാറ്റങ്ങൾക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് ധാരണയായത്. മെയ് 10, ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഈ ധാരണ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ, പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചുവെന്നും ഇതിനോട് ഇന്ത്യൻ സായുധ സേന ഉചിതമായി പ്രതികരിച്ചുവെന്നും ശനിയാഴ്ച വൈകുന്നേരം ഇന്ത്യ അറിയിച്ചിരുന്നു.