കേരളത്തിൽ നിന്നുള്ള ബെംഗളൂരു ട്രെയിൻ സർവീസ് നീട്ടി. തിരുവനന്തപുരം നോർത്ത്- എസ് എം വി ടി ബെംഗളൂരു പ്രതിവാര തീവണ്ടി സെപ്റ്റംബർ 28 വരെ നീട്ടി. 06555/06556 എന്നിങ്ങനെയാണ് രണ്ട് ഭാഗത്തേയ്ക്കുമുള്ള ട്രെയിനിന്റെ നമ്പർ.
നേരത്തെ ജൂൺ ഒന്ന് വരെയായിരുന്നു ട്രെയിൻ സർവീസ് ഉണ്ടായിരുന്നത്. എന്നാൽ അവധിക്കാലത്ത് ഉണ്ടായ കനത്ത തിരക്കും, തുടർന്നങ്ങോട്ടും ഈ തിരക്ക് ഉണ്ടാകുമെന്ന നിഗമനവുമാണ് സർവീസ് നീട്ടാൻ കാരണം.
വെള്ളിയാഴ്ചകളിലാണ് ബെംഗളുരുവിൽ നിന്ന് ട്രെയിൻ പുറപ്പെടുക. രാത്രി 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെത്തും.
തിരിച്ചുള്ള ട്രെയിൻ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 1.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഏഴരയ്ക്ക് ബെംഗളുരുവിലെത്തും.