ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ അംഗീകരിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേഷ്. പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു ചർച്ച നടത്തണമെന്നും ജയറാം രമേശ് പറഞ്ഞു. ആദ്യം വാഷിംഗ്ടണ്‍ ഡിസിയും പിന്നീട് കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥതയിൽ കോൺഗ്രസ് നിരവധി ചോദ്യങ്ങളും ഉയർത്തുന്നു. ഷിംല കരാർ ഉപേക്ഷിച്ചോ? മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകൾ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചർച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പരാമർശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്നപരിഹാരത്തിന് നയതന്ത്ര മാർഗങ്ങൾ തേടുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് എക്‌സിലൂടെ ജയറാം രമേശ് പങ്കുവെച്ചത്.
ചോദ്യങ്ങൾക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നൽകണം. 1971-ൽ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും കോൺഗ്രസ് ആവർത്തിച്ചു.
നിലവില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേരുകയാണ്. സംയുക്ത സേനാ മേധാവിയും മൂന്ന് സേനാ തലവന്മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുക്കുന്നു. വെടിനിര്‍ത്തലിന് ശേഷമുള്ള സാഹചര്യങ്ങള്‍ അവലോകനം ചെയ്യാനാണ് യോഗം ചേര്‍ന്നിരിക്കുന്നത്.